
പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ മൃതദേഹം പോസ്റ്റുമാർട്ടത്തിന് വിധേയമാക്കിയ ഡോക്ടറെ വിചാരണ കോടതി വിസ്തരിച്ചു. മൃതദേഹം പോസ്റ്റുമാർട്ടം ചെയ്ത ഡോക്ടർ എൻ എ ബലറാം മധുവിന്റെ ശരീരത്തിൽ കണ്ടെത്തിയ മുറിവുകളും ചതവുകളും കസ്റ്റഡി പീഡനത്തിന്റേതല്ലെന്ന് വിസ്താര വേളയിൽ പറഞ്ഞു. പ്രതിഭാഗത്തിന്റെ സാക്ഷി വിസ്താരത്തിനിടയിലായിരുന്നു ഡോക്ടർ ഇക്കാര്യം കോടതി മുമ്പാകെ ബോധിപ്പിച്ചത്. മധുവിന്റെ ശരീരത്തിലെ മുറിവുകൾക്കും ചതവുകൾക്കും പൊലീസ് കസ്റ്റഡിയിൽ പീഡനമേറ്റതിന്റെ സ്വഭാവമില്ലെന്ന് ഡോക്ടർ വ്യക്തമാക്കി.
സംഭവ ദിവസം മധുവിനെ മർദ്ദിക്കാനായി ഉപയോഗിച്ച മരക്കഷണങ്ങളും വിസ്താര വേളയിൽ കോടതിയിൽ പ്രദർശിപ്പിച്ചു. ഇത് പോലുള്ള വടികൾ കൊണ്ട് മർദ്ദിച്ചാലുണ്ടാകാവുന്ന തരം മുറിവുകളാണോ മധുവിന്റെ ശരീരത്തിലുണ്ടായിരുന്നത് എന്ന ചോദ്യത്തിന് ആകാം എന്നായിരുന്നു ഡോക്ടർ നൽകിയ മറുപടി. കസ്റ്റഡി മരണ സാദ്ധ്യത നിഷേധിച്ചെങ്കിലും ലാത്തിക്കൊണ്ടുള്ള മർദ്ദനത്തിൽ നിന്ന് സമാനമായ മുറിവും ചതവും ഉണ്ടാകാമോ എന്ന ചോദ്യം ഡോക്ടർ നിഷേധിച്ചുമില്ല. മധു കൊല്ലപ്പെട്ട് രണ്ടു ദിവസം കഴിഞ്ഞ് പോസ്റ്റുമാർട്ടം നടത്തിയത് മൃതദേഹത്തിലെ പരിക്കുകൾ കണ്ടെത്തി അടയാളപ്പെടുത്തുന്നതിന് തടസ്സമായോ എന്ന പ്രതിഭാഗം അഭിഭാഷകന്റെ ചോദ്യത്തിനും ഡോക്ടർ എൻ എ ബലറാം ഇല്ല എന്ന മറുപടി നൽകി. മണിക്കൂറുകൾ നീണ്ട വിസ്താര നടപടി വൈകുന്നരം അഞ്ച് മണി വരെ നീണ്ടു.
അതേ സമയം മധുവിന്റെ അമ്മ മല്ലിയുടെ വിസ്താരം മണ്ണാർക്കാട് എസ് സി എസ്ടി കോടതിയിൽ ചൊവ്വാഴ്ച പൂർത്തികരിച്ചു. വിചാരണവേളയിൽ മധുവിന്റെ പേരിൽ നേരത്തെ മോഷണക്കുറ്റത്തിന് കേസുണ്ടോ എന്ന ചോദ്യത്തിന് വൈകാരികമായിരുന്നു മല്ലി പ്രതികരിച്ചത്. മകൻ കള്ളനല്ലെന്ന് നിറകണ്ണുകളോടെ മല്ലി മറുപടി നൽകിയപ്പോൾ മകൾ സരസുവിനോട് കോടതി ആശ്വസിപ്പിക്കാൻ ആവശ്യപ്പെട്ടു. മകൾക്ക് മധുവിന്റെ മരണാനന്തരം സർക്കാർ പൊലീസ് ജോലി നൽകിയതല്ലെന്നും കഷ്ടപ്പെട്ട് തന്നെ കിട്ടിയതാണെന്നും മല്ലി വിചാരണ വേളയിൽ പറഞ്ഞു.