
തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ, യൂണിവേഴ്‌സിറ്റിയുടെ കാര്യം പറയുമ്പോൾ ചില തർക്കങ്ങൾ ഓർക്കും. സർക്കാർ ആ മേഖലയിൽ ഇടപെടുമ്പോൾ ചില പിപ്പിടികൾ സർക്കാരിനെതിരെ വരും. അതൊന്നും കാര്യമാക്കേണ്ട, സർക്കാർ അതൊന്നും നോക്കില്ല. മുന്നോട്ടു തന്നെ പോകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം എന്നിവ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
2016 മുതലുള്ള സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങൾ അംഗീകരിച്ചു. അതു കൊണ്ടാണ് തുടർ ഭരണം ലഭിച്ചത്, ജനങ്ങൾ ഏൽപിച്ച ഉത്തരവാദിത്വം സർക്കാർ നന്നായി നിർവഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 25 വർഷത്തേക്കുള്ള പ്രവർത്തന പദ്ധതി സർക്കാർ ആവിഷ്‌കരിച്ചിരിക്കുകയാണ്. മധ്യവരുമാനമുള്ള രാഷ്ട്രങ്ങളുടെ ജീവിത നിലവാരത്തിലേക്ക് ഉയർത്തുക ലക്ഷ്യമാണ്. ജനങ്ങൾ ഇതെല്ലാം ആഗ്രഹിക്കുന്നുണ്ട്. ചിലർ ഇതൊന്നും നടക്കരുതെന്ന് കരുതുന്നു. ഇടുങ്ങിയ മനസുള്ളവരാണ് അവർ. എൽഡിഎഫ് ഭരിക്കുമ്പോൾ ഇതൊന്നും വേണ്ട എന്ന് ചിന്തിക്കുന്നു. ഇതിനായി ഏതറ്റം വരെ പോകാൻ ഇടുങ്ങിയ മനസുള്ളവർ തയ്യാറാകുന്നെന്നും മുഖ്യമന്ത്രി വിമർശിച്ചു.