
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ചു കൊണ്ടുള്ള ഫേസ്‌ബുക്ക് പോസ്റ്റ് പിൻവലിച്ച് മന്ത്രി എം.ബി. രാജേഷ്. ഗവർണർക്കെതിരെ മൂന്നു കാര്യങ്ങൾ വിശദീകരിച്ചായിരുന്നു എം.ബി. രാജേഷിന്റെ പോസ്റ്റ്. ബഹുമാനപ്പെട്ട ഗവർണറുടെ കുറിപ്പ് ശ്രദ്ധയിൽപ്പെട്ടു, അദ്ദേഹം പറയുന്നത് മന്ത്രിമാർ ഗവർണർ പദവിയുടെ അന്തസ് താഴ്‌ത്തുന്ന പ്രസ്താവനകൾ നടത്തിയെന്നാണ്. അത്തരത്തിൽ ഒരു സംഭവം ഉണ്ടായിട്ടില്ല, വിമർശനങ്ങൾ ഒരു പദവിയുടെയും അന്തസ് ഇടിച്ചുതാഴ്ത്തുന്നില്ല. ജനാധിപത്യത്തിൽ ആരും വിമർശനാതീതരല്ല. ആരെയും അന്തസോടെ വിമർശിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്ന് രാജേഷ് പറഞ്ഞു.
ഗവർണറെ ക്രിമിനലെന്നും തെരുവുഗുണ്ടയെന്നും വിളിച്ചത് കേരളത്തിലെ ഏതെങ്കിലും ഒരു മന്ത്രിയല്ല. കേരളത്തിലെ ഒരുമന്ത്രിയും ഒരാൾക്കെതിരെ അത്തരത്തിൽ ഒരു വാക്ക് പ്രയോഗിച്ചിട്ടില്ലെന്നും കുറിപ്പിൽ പറയുന്നു. ജനാധിപത്യത്തിൽ ആരും വിമർശനത്തിന് അതീതരല്ല. രാജവാഴ്ചയിലെ രാജാവിന്റെ അഭിഷ്ടമല്ലെന്നത് വിനയത്തോടെ ഓർമ്മിപ്പിക്കട്ടെ. ഭരണഘടനയുടെ 164ാം അനുച്ഛേദവും അതിന്റെ അടിസ്ഥാനത്തിൽ നിരവധി സുപ്രീം കോടതി വിധികളും ഇക്കാര്യം വ്യക്തമാക്കുന്നു. മന്ത്രിയെ പുറത്താക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും രാജേഷ് കുറിപ്പിൽ പറഞ്ഞിരുന്നു.
ഗവർണറുടെ അന്തസ് ഇടിച്ചു താഴ്ത്തുന്ന വിധത്തിൽ പ്രസ്താവനകൾ നടത്തുന്ന മന്ത്രിമാർക്കെതിരെ നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തുവന്നിരുന്നു. ട്വീറ്റിലൂടെയാണ് ഗവർണറുടെ പ്രതികരണം. മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും ഗവർണറെ ഉപദേശിക്കാൻ എല്ലാ അവകാശവുമുണ്ടെന്ന് ഗവർണർ ട്വീറ്റിൽ പറഞ്ഞു. എന്നാൽ മന്ത്രിമാർ വ്യക്തിപരമായി ഗവർണറുടെ അന്തസ്സ് ഇടിച്ചു താഴ്ത്തുന്ന വിധത്തിൽ പെരുമാറിയാൽ നടപടിയെടുക്കും. മന്ത്രിമാരെ പുറത്താക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് ട്വീറ്റിൽ വ്യക്തമാക്കിയിരുന്നു.