
തിരുവനന്തപുരം : മുഖ്യമന്ത്രി മന്ത്രിമാരെക്കൊണ്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിരട്ടാൻ നോക്കുന്നുവെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ. ആരിഫ് മുഹമ്മദ് ഖാൻ അഴിമതിക്കെതിരാണെന്നും വിരട്ടിയും ഭീഷണിപ്പെടുത്തിയും ഗവർണറെ വരുതിയിലാക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും വാർത്ത സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ബന്ധുനിയമനവും സ്വജനപക്ഷപാതവുമാണ് ഗവർണർ ചൂണ്ടിക്കാട്ടിയതെന്നും അത് അദ്ദേഹത്തിന്റെ ചുമതലയാണെന്നും. സി പി എം സെക്രട്ടറി സംസാരിക്കുന്ന അതേ ഭാഷയിൽ മന്ത്രിമാരും സംസാരിക്കുന്നത് ശരിയല്ലെന്നും വി മുരളീധരൻ പറഞ്ഞു. ഗവർണറേയും രാജ്ഭവനേയും വിലകുറച്ച് കാണുന്ന സമീപനം ശരിയല്ലെന്നും സ്വജനപക്ഷപാതം അഴിമതിയെന്ന് നിർവചിച്ച സിപിഎമ്മിന്റെ പുതിയ സമീപനം എന്താണെന്നും മന്ത്രി ചോദിച്ചു. മന്ത്രിമാർ വിമർശിച്ചാൽ കടുത്ത നടപടിയെടുക്കുമെന്ന ഗവർണറുടെ പ്രസ്താവനയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.