binny

മുംബയ്: ഇന്ത്യൻ ക്രിക്കറ്ര് കൺട്രോൾ ബോർഡിന്റെ (ബി.സി.സി.ഐ)​ പ്രസിഡന്റായി മുൻ താരം റോജർ ബിന്നി ഇന്ന് സ്ഥാനമേൽക്കും. ഇന്ന് മുംബയിൽ നടക്കുന്ന ആനുവൽ ജനറൽ മീറ്റിംഗിലായിരിക്കും സൗരവ് ഗാംഗുലിക്ക് പകരം 36-ാമത് ബി.സി.സി.ഐ പ്രസിഡന്റായി റോജർ ബിന്നി ചുമതലയേൽക്കുക. ബിന്നിയൊഴികെ മറ്രാരും പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടില്ല. ബിന്നിയെക്കൊപ്പം മറ്റ് സ്ഥാനങ്ങളിലേക്ക് അദ്ദേഹം ഉൾപ്പെട്ട പാനലിലുള്ള എല്ലാവരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനായ ജയ്‌ഷാ ബി.സി.സി.ഐ സെക്രട്ടറിയായി തുടരും. മറ്റ് ഭാരവാഹികൾ: രാജീവ് ശുക്ല (വൈസ് പ്രസിഡന്റ്)​,​ ആശിഷ് ഷേലർ (ട്രഷറർ)​,​ ദേവജിത്ത് സയികിയ (ജോയിന്റ് സെക്രട്ടറി)​. ഐ.പി.എൽ ചെയർമാൻ : അരുൺ ധൂമൽ.

അതേസമയം മുൻ ഇന്ത്യൻ നായകനായ സൗരവ് ഗാംഗുലിക്ക് ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്ത് ഒരവസരം കൂടി നൽകാതെ തഴഞ്ഞുവെന്ന രീതിയിൽ വലിയ വിവാദങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ബിന്നി ചുമതലയേൽക്കുന്നത്. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഉൾപ്പെടെവ ഗാംഗുലിയെ തഴഞ്ഞതിനെതിരെ രംഗത്തുവന്നു. ഗാംഗുലിയെ ഇന്റർ നാഷണൽ ക്രിക്കറ്ര് കൗൺസിലിലേക്ക് (ഐ.സി.സി) അയക്കണമെന്ന് മമത പ്രധാന മന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിരുന്നു. ഐ.സി.സി ചെയ‌ർമാൻ സ്ഥാനത്തേക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തിയതി ഈ മാസം ഇരുപതാണ്. നവംബർ 11 മുതൽ 13വരെ മെൽബണിൽ നടക്കുന്ന മീറ്റിംഗിലായിരിക്കും ഐ.സി.സി ചെയർമാനെ തിരഞ്ഞെടുക്കുക.