
കറാച്ചി : റഷ്യയിലെ തെക്കൻ നഗരമായ യെയ്‌സ്കിൽ ബഹുനില കെട്ടിടത്തിൽ സൈനിക വിമാനം തകർന്നുവീണ് നാല് മരണം. 25ലേറെ പേർക്ക് പരിക്കേറ്റു. ഒരു ഡസനിലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോർട്ട്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാർ അപകടത്തിന് തൊട്ടുമുന്നേ ഇജക്ട് ചെയ്തിറങ്ങി രക്ഷപ്പെട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇന്നലെ ഇന്ത്യൻ സമയം രാത്രി ഒമ്പത് മണിയോടെയാണ് അപകടം. വിമാനം ഇടിച്ചിറങ്ങിയതിന് പിന്നാലെ കെട്ടിടത്തിൽ വൻ അഗ്നിബാധയുണ്ടായി. രാത്രി വൈകിയും ഒമ്പത് നിലയുള്ള കെട്ടിടത്തിലെ തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്. മരണ സംഖ്യ ഇനിയും ഉയരും.
എസ്.യു - 34 യുദ്ധവിമാനമാണ് തകർന്നത്. പരിശീലന പറക്കലിനിടെ വിമാനത്തിന്റെ ഒരു എൻജിന് തീപിടിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. കെട്ടിടത്തിന്റെ നാല് നിലകളിൽ തീപിടിത്തം കാര്യമായ നാശം വിതച്ചെന്നാണ് സൂചന. കെട്ടിടത്തിലെ നിരവധി അപ്പാർട്ട്മെന്റ് ബ്ലോക്കുകൾ നശിച്ചിട്ടുണ്ട്.
രക്ഷാപ്രവർത്തനത്തിന് എല്ലാ സഹായങ്ങളും എത്തിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഉത്തരവിട്ടു. റഷ്യൻ ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ക്രൈമിയൻ ഉപദ്വീപിന് അഭിമുഖമായി അസോവ് കടലിന്റെ തീരത്താണ് യെയ്‌സ്ക് നഗരം സ്ഥിതി ചെയ്യുന്നത്.