new

പാരീസ്: ഫുട്ബാൾ ലോകത്തെ ഗ്ലാമർ അവാർഡായ ബാലോൺ ഡി ഓർ പുരസ്കാരത്തിന് ഇത്തവണ റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സ്ട്രൈക്കർ കരിം ബെൻസേമ അ‌ർഹനായി. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനെ ചാമ്പ്യൻസ് ലീഗ്,​ ലാ ലീഗ ചാമ്പ്യൻമാരാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച താരമായ ബെൻസേമയ്ക്ക് പുരസ്കാരം അർഹതയ്ക്കുള്ള അംഗീകാരമായി. ഇത്തവണത്തെ യുവേഫ പുരസ്കാരവും ബെൻസേമയ്ക്കായിരുന്നു. ഫ്രഞ്ച് ഫുട്ബാൾ ഇതിഹാസം സിനദിൻ സിദാനാണ് ബെൻസെമയ്ക്ക് പുരസ്കാരം സമ്മാനിച്ചത്.

മികച്ച വനിതാ താരത്തിനുള്ള ബാലൺ ഡി ഓർ ഫെമിനിൻ പുരസ്കാരം തുടർച്ചയായ രണ്ടാം തവണയും ബാഴ്സലോണയുടെ സ്പാനിഷ് താരം അലക്സിയ പുട്ടെല്ലാസ് സ്വന്തമാക്കി.

മികച്ച ഗോൾ കീപ്പർക്കുള്ള ലെവ് യാഷിൻ ട്രോഫി റയൽ മാഡ്രിഡിന്റെ ബൽജിയൻ തിബൗട്ട് കോട്ട്വായ്ക്കാണ്.

ബാഴ്സയുടെ യുവതാരം ഗാവിക്കാണ് യുവതാരത്തിനുള്ള കോപ ട്രോഫി. മാഞ്ചസ്റ്റർ സിറ്രിയാണ് മികച്ച ക്ലബ്.

മികച്ച സ്ട്രൈക്കർക്കുള്ള പുരസ്കാരമായ ഗെർഡ് മുള്ളർ ട്രോഫി ബാഴ്സലോൻയുടെ പോളിഷ് താരം റോബർട്ട് ലെവൻഡോവ്‌സ്കിക്ക് ലഭിച്ചു. കഴിഞ്ഞ തവണ ബയേൺ മ്യൂണിക്കിനായി പുറത്തെടുത്ത ഗോളടി മികവാണ് ലെവൻ‌ഡോവ്‌സ്കിയെ പുരസ്കാരത്തിന് അർഹനാക്കിയത്.

ഇത്തവണ മുതൽ നൽകി വരുന്ന സാമൂഹിക പ്രതിബന്ധതയ്ക്കുള്ള സോക്രട്ടീസ് അവാർഡിന് ബയേൺ മ്യൂണിക്കിന്റെ സെനഗൽ സൂപ്പ‌ർ താരം സാദിയോ മാനെ അർഹനായി. ഫ്രഞ്ച് ഫുട്ബാൾ മാഗസിൻ നൽകുന്ന ബാലൺ ഡി ഓർ പുരസ്കാരം ഇത്തവണ സീസൺ അടിസ്ഥാനത്തിലാണ് നൽകപ്പെട്ടത്.