jayaraman-namboothiri

ശബരിമല: കെ ജയരാമൻ നമ്പൂതിരിയെ ശബരിമല മേൽശാന്തിയായി തിരഞ്ഞെടുത്തു. കണ്ണൂർ തളിപ്പറമ്പ് കീഴുത്രിൽ ഇല്ലം ജയരാമൻ നമ്പൂതിരി ചൊവ്വ അമ്പലത്തിലെ മേൽശാന്തിയാണ്. സന്നിധാനത്ത് നടന്ന നറുക്കെടുപ്പിൽ പന്തളം കൊട്ടാരത്തിലെ കൃത്തികേശ് വർമ്മയാണ് ശബരിമല മേൽശാന്തിയെ തിരഞ്ഞെടുത്തത്.

jayaraman-namboothiri

നറുക്കെടുപ്പ് ലിസ്റ്റിലെ ഏഴാമത്തെ പേരുകാരനായിരുന്നു ജയരാമൻ നമ്പൂതിരി. തനിക്ക് ലഭിച്ച ഭാഗ്യമാണിതെന്ന് അദ്ദേഹം പ്രതികരിച്ചു. മാളികപ്പുറം മേൽശാന്തിയായി വൈക്കം 140/13 പടിഞ്ഞാറ്റുംചേരി ഇണ്ടംതുരുത്തി മനയിലെ വി ഹരിഹരൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു. ആറാമത്തെ നറുക്കിലാണ് ലിസ്റ്റിലെ അഞ്ചാം പേരുകാരനായ ഹരിഹരൻ നമ്പൂതിരഞ്ഞെടുത്തത്. പന്തളം കൊട്ടാരത്തിലെ പൗർണമി ജി വർമ്മയാണ് മാളികപ്പുറം മേൽശാന്തിയായി നറുക്കെടുത്തത്.


ചടങ്ങുകൾക്ക് തന്ത്രി കണ്ഠരര് രാജീവരര്, ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ, ദേവസ്വം കമ്മിഷണർ ബി.എസ്.പ്രകാശ്, ഹൈക്കോടതി നിരീക്ഷകൻ ജസ്റ്റിസ് ഭാസ്‌കരൻ, സ്‌പെഷ്യൽ കമ്മിഷണർ എം. മനോജ് എന്നിവർ നേതൃത്വം നൽകി. സന്നിധാനത്ത് പത്തുപേരും മാളികപ്പുറത്ത് എട്ടുപേരുമാണ് നറുക്കെടുപ്പിലെ അന്തിമ പട്ടികയിലുണ്ടായിരുന്നത്.

അതേസമയം, സന്നിധാനത്ത് ഇന്നുമുതൽ ഉദയാസ്തമന പൂജ, നെയ്യഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ നടക്കും. 22നാണ് നട അടയ്ക്കുന്നത്. മണ്ഡല മകരവിളക്ക് ഉത്സവത്തിനായി നവംബർ 16ന് വൈകിട്ട് അഞ്ചിന് നട തുറക്കും.