
കൊച്ചി: ഇലന്തൂർ നരബലിക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബലി നൽകുന്നവരുടെ മാംസം വിൽക്കാമെന്നും ഇതിലൂടെ ലക്ഷങ്ങൾ നേടാമെന്നും മുഖ്യപ്രതിയായ ഷാഫി കൂട്ടുപ്രതികളോട് പറഞ്ഞിരുന്നു. ഇരുപത് ലക്ഷം വരെ കിട്ടുമെന്നായിരുന്നു ഭഗവൽ സിംഗ് - ലൈല ദമ്പതികളോട് ഇയാൾ പറഞ്ഞത്.
കൊലപാതകം നടത്തി തൊട്ടടുത്ത ദിനം മനുഷ്യമാംസം വാങ്ങാൻ ബംഗളൂരുവിൽ നിന്ന് ആളെത്തുമെന്നും കരൾ, മാറിടം, ഹൃദയം എന്നിവയ്ക്ക് കൂടുതൽ വില കിട്ടുമെന്നായിരുന്നു ഷാഫി പറഞ്ഞത്. ഇതുവിശ്വസിച്ച ലൈലയും ഭഗവൽ സിംഗും പത്ത് കിലോ മാംസം ഫ്രിഡ്ജിൽ സൂക്ഷിക്കുകയും ചെയ്തു.
ശരീരഭാഗങ്ങൾ വാങ്ങാൻ ആളെത്താതായതോടെ പിന്നീട് കുഴിച്ചിടുകയായിരുന്നു. ദമ്പതികളിൽ നിന്ന് പല തവണകളായി ആറ് ലക്ഷത്തോളം രൂപയും ഷാഫി വാങ്ങിയിട്ടുണ്ട്. കൊലപാതകത്തിന്റെ പേരിൽ ഭഗവൽ സിംഗിനെ ബ്ലാക്‌മെയിൽ ചെയ്യാനും ഇയാൾ പദ്ധതിയിട്ടിരുന്നതായി വിവരമുണ്ട്.