komodo-dragon

ഇങ്ങനെയൊരു ജീവിയെ ആരെങ്കിലും കണ്ടിട്ടുണ്ടോ ? ഭീകര ലുക്കുമായി കടലിൽ നിന്നും കരയിലേക്ക് കയറുന്ന ജീവി ഒരു നിമിഷം ആരെയും പേടിപ്പിക്കും. എന്നാൽ ഇത് നമ്മുടെ നാട്ടിൽ കാണപ്പെടുന്ന ഉടുമ്പിന്റെ വംശത്തിൽ പെട്ട കൊമോഡോ ഡ്രാഗൺ ഒപ്പിച്ച പണിയാണെന്ന് അറിയുമ്പോൾ ആരും ചിരിക്കും. കടലാമയുടെ തോട് തലയിൽ ഹെൽമറ്റാക്കിയാണ് കക്ഷി സഞ്ചരിക്കുന്നത്. കുറച്ച് കഴിഞ്ഞ് ഇത് തലയിൽ നിന്നും മാറ്റുന്നതും വീഡിയോയിൽ കാണാം. ട്വിറ്ററിലാണ് വൈറലായ ഈ വീഡിയോ പ്രചരിക്കുന്നത്.

ആമയെ വേട്ടയാടി ഭക്ഷിച്ച ശേഷമാണ് കൊമോഡോ ഡ്രാഗൺ തോട് തലയിൽ ആഭരണമാക്കിയത്. തലയിൽ തോടുമായി മൃഗം കടൽത്തീരത്ത് നടക്കുന്നതാണ് വീഡിയോയിൽ കാണാനാവുന്നത്. ലക്ഷക്കണക്കിന് ആളുകളെയാണ് ഈ വീഡിയോ ആകർഷിച്ചത്. 2019ലാണ് ഈ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. ' കൊമോഡോ ഡ്രാഗൺ ആമയെ തിന്നു, എന്നിട്ട് അതിനെ തൊപ്പി പോലെ ധരിച്ചു' എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്.

A komodo dragon ate a turtle and then wore it like a hat. Original video: https://t.co/HfyCM0qT3Y pic.twitter.com/dTQjPi0F9I

— Fascinating (@fasc1nate) October 17, 2022

പല്ലിവർഗത്തിലെ ഏറ്റവും വലിയ ജീവിയാണ് കൊമോഡോ ഡ്രാഗൺ. തന്റെ വലിപ്പത്തിനെക്കാളും വലിയ ഇരയെ അകത്താക്കാൻ ഇവന് കഴിയും. ഇന്തോനേഷ്യയാണ് ഇവർ അധികമായി കാണപ്പെടുന്നത്. കൊമോഡോ ഡ്രാഗണ് മൂന്ന് മീറ്ററോളം നീളവും 150 കിലോ വരെ ഭാരവുമുണ്ടാകും. ഏറ്റവും ആക്രമണകാരിയായ ജീവികളുടെ പട്ടികയിലാണ് ഇടം. ഭീകരനാണെങ്കിലും ഇപ്പോൾ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ കൂട്ടത്തിലാണ് കൊമോഡോ ഡ്രാഗൺ. ആവാസ വ്യവസ്ഥ നശിക്കുന്നതും, മനുഷ്യന്റെ വേട്ടയാടലുമാണ് കാരണം.