
കൊച്ചി: ഇലന്തൂരിൽ നരബലിക്കിരയായ പത്മയുടെ കൂടുതൽ ആഭരണങ്ങൾ കണ്ടെടുക്കാനുണ്ടെന്ന് കുടുംബം. ഷാഫി പണയം വച്ച ആഭരണങ്ങളിൽ താലിയും മോതിരവും ഇല്ലെന്ന് പത്മയുടെ മകൻ സേട്ട്. പത്മയുടെ ശരീരത്തിലുണ്ടായിരുന്ന ആറ് പവൻ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി സഹോദരി പഴനിയമ്മ നേരത്തേ വ്യക്തമാക്കിയിരുന്നു.
പത്മയുടെ കാണാതായ സ്വർണം താൻ പണയം വച്ചു എന്നായിരുന്നു ഒന്നാം പ്രതി ഷാഫിയുടെ മൊഴി. എന്നാൽ ധനകാര്യ സ്ഥാപനത്തിൽ നടത്തിയ തെളിവെടുപ്പിൽ ആഭരണങ്ങൾ വീണ്ടെടുത്തെങ്കിലും മുഴുവനും ഉണ്ടായിരുന്നില്ല. താലിക്കും മോതിരത്തിനും പുറമേ രണ്ട് വെള്ളി പാദസരങ്ങളും നഷ്ടപ്പെട്ടു. ബാക്കി ആഭരണങ്ങൾ കണ്ടെത്താൻ പ്രതികളെ വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചു.