
ദീപാവലി എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ നമ്മുടെയെല്ലാം മനസിൽ ആഹ്ളാദമാണ് ഉണ്ടാവുകയല്ലേ? സന്തോഷത്തിന്റെ ആഘോഷമാണ് ദീപാവലി. കേരളീയർ വീടുകളിൽ പടക്കവും പൂത്തിരിയും കത്തിക്കുമ്പോൾ, വടക്കേ ഇന്ത്യയിൽ മധുരപലഹാരങ്ങളും സമ്മാനങ്ങളും നൽകിയാണ് ദീപാവലി ആഘോഷിക്കാറ്. കേന്ദ്രസർക്കാർ ജീവനക്കാർക്ക് ബോണസിന്റെ കാലഘട്ടം കൂടിയാണ് ദീപാവലി.
എന്നാൽ ദീപാവലിക്ക് ലഭിക്കുന്ന ചില സമ്മാനങ്ങൾ നികുതിയുടെ പരിധിയിൽ വരുന്നതാണെന്ന് എത്രപേർക്ക് അറിയാം? രാജ്യത്തിന്റെ ഇൻകം ടാക്‌സ് നിയമം അനുസരിച്ച് നമുക്ക് ലഭിക്കുന്ന സമ്മാനങ്ങളുടെ മൂല്യമാണ് അതിന്റെ നികുതി നിശ്ചയിക്കുന്നത്. അത് കൃത്യമായി ഇൻകം ടാക്‌സ് അധികൃതരെ അറിയിച്ചില്ലെങ്കിൽ കിട്ടിയ സമ്മാനത്തിന്റെ മൂല്യത്തേക്കാൾ വലിയ തുക പിഴയായി നമ്മൾ ഒടുക്കേണ്ടി വരും.
വർഷത്തിൽ 50000 രൂപയ്‌ക്ക് മുകളിൽ ലഭിക്കുന്ന സമ്മാനങ്ങൾക്ക് നാം നികുതി അടയ‌്ക്കേണ്ടതായുണ്ട്. ഐ.ടി ആക്‌ടിലെ 56(2)ൽ ഇക്കാര്യം വ്യക്തമാണ്. എന്നാൽ കുടുംബത്തിലെ അടുത്ത ബന്ധുക്കൾ നൽകുന്ന സമ്മാനങ്ങളെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട് എന്നത് ആശ്വാസകരമാണ്. അതായത് അമ്മ, അച്ഛൻ, സഹോദരൻ, സഹോദരി, ഭാര്യ, ഭർത്താവ് എന്നിവരാണ് അടുത്ത ബന്ധുക്കൾ എന്ന നിർവചനത്തിൽ വരിക. സമ്മാനം പണമോ, സ്വർണമോ, വിലകൂടിയ പെയിന്റിംഗോ അങ്ങനെ എന്തുമാകട്ടെ, മൂല്യം അമ്പതിനായിരത്തിന് മുകളിലാണെങ്കിൽ നികുതി നൽകേണ്ടി വരും. ഇനിയിപ്പോൾ പ്രോപർട്ടിയാണ് ലഭിക്കുക എന്നുണ്ടെങ്കിൽ സ്‌റ്റാമ്പ് ഡ്യൂട്ടി മേൽപ്പറഞ്ഞ തുകയ‌്ക്ക് മുകളിലാണെങ്കിൽ ടാക്‌സ് നൽകിയേ തീരൂ.
എന്നാൽ, നികുതിയുടെ പരിധിയിൽ വരാത്ത ഒരു വിഭാഗം ഉണ്ട്. ഒരു കാർ ആണ് നിങ്ങൾക്ക് സമ്മാനമായി ലഭിക്കുന്നത് എന്നുവച്ചോളൂ, അതിന് നികുതി നൽകേണ്ടതില്ല.