
അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന വാഗ്ദ്ധാനം നൽകിയാണ് മോദി സർക്കാർ അധികാരമേറ്റത്. സർക്കാർ ഫണ്ടുകൾ താഴേ തട്ടിലെത്തുമ്പോൾ ഇടനിലക്കാർ വൻതോതിൽ കൈക്കലാക്കുന്ന പതിവ് രീതിക്ക് അന്ത്യം കുറിക്കാൻ മോദി സർക്കാർ മുൻകൈ എടുത്ത് നടപ്പിലാക്കിയ പദ്ധതിയാണ് ജൻധൻ ബാങ്ക് അക്കൗണ്ടുകൾ. സാധാരണക്കാർക്ക് അവർക്ക് അർഹതപ്പെട്ട സർക്കാർ സഹായം നേരിട്ട് ബാങ്കിലൂടെ അക്കൗണ്ടിലെത്തിക്കുക എന്നതായിരുന്നു ഈ പദ്ധതിയിലൂടെ ഉദ്ദേശിച്ചത്. കൊവിഡ് കാലത്ത് കേന്ദ്ര സഹായം രാജ്യത്തെ എല്ലാ കുടുംബങ്ങളിലും ജൻധൻ ബാങ്ക് അക്കൗണ്ടുകൾ വഴി നൽകിയതും ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. എന്നാൽ ഈ പദ്ധതി നടപ്പിലാക്കിയപ്പോൾ സർക്കാരിനെ പരിഹസിക്കാൻ ഏറെപ്പേരുണ്ടായിരുന്നെങ്കിലും ഇപ്പോൾ ഇതിന്റെ നേട്ടങ്ങളെ കുറിച്ച് മനസിലാക്കിയതോടെ അവർ നിശബ്ദരാവുകയാണ്.
രാജ്യത്തെ പാവപ്പെട്ടവർക്കായി ഇതുവരെ മോദി ബാങ്കിലിട്ടത് 25 ലക്ഷം കോടിയാണെന്ന് കേന്ദ്ര ടൂറിസം മന്ത്രി ജി കിഷൻ റെഡ്ഡി അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഡിജിറ്റലൈസേഷനിലും പൊതു പദ്ധതികളിലെ അഴിമതി ഇല്ലാതാക്കുന്നതിലും സർക്കാരിന്റെ വലിയ നേട്ടം ജൻധൻ അക്കൗണ്ടിലൂടെ സർക്കാർ നടപ്പിലാക്കി. പ്രധാനമന്ത്രി ജൻധൻ യോജന വഴി ഇതുവരെ 25 ലക്ഷം കോടി രൂപ നിരവധി ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തതായി കേന്ദ്ര മന്ത്രി വെളിപ്പെടുത്തി. രാജ്യത്തുള്ള 50 കോടി ജൻധൻ അക്കൗണ്ടുകളിൽ പകുതിയും സ്ത്രീകളുടേതാണെന്ന് റെഡ്ഡി വ്യക്തമാക്കി. ഈ അക്കൗണ്ടിൽ മിച്ചമുള്ള പണം സൂക്ഷിക്കാനും ആളുകൾ ഇപ്പോൾ ശ്രദ്ധിക്കുന്നുണ്ട്. അതിനുള്ള തെളിവാണ് ജനധൻ അക്കൗണ്ടിൽ മിച്ചമുള്ള 1.75 ലക്ഷം കോടി രൂപ.
രാജ്യത്ത് വിവിധ ഇടങ്ങളിൽ വ്യാജ ഐഡന്റിറ്റി ഉപയോഗിച്ച് സർക്കാർ ഫണ്ടുകളും, സഹായങ്ങളും തട്ടിയെടുക്കുന്ന അഴിമതിക്കും ജനധൻ അക്കൗണ്ടുകൾ നടപ്പിലാക്കിയതോടെ അന്ത്യം കുറിക്കപ്പെട്ടു. ക്ഷേമപെൻഷനുകളും, സബ്സിഡികളും തട്ടിയെടുക്കുന്ന നിരവധി ഇടനിലക്കാരുടെ അന്നംമുട്ടിക്കുന്ന പദ്ധതിയായിരുന്നു കേന്ദ്രത്തിന്റെ ജൻധൻ അക്കൗണ്ട് പദ്ധതി. ആവശ്യക്കാരന്റെ കരങ്ങളിൽ നേരിട്ട് പണം എത്തുന്ന ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) നടപ്പിലാക്കിയതിന് ശേഷം നാല് കോടിയോളം വ്യാജ റേഷൻ കാർഡുകളും അത്രതന്നെ തെറ്റായ എൽപിജി സിലിണ്ടർ അക്കൗണ്ടുകളും റദ്ദാക്കിയതായി കേന്ദ്ര മന്ത്രി റെഡ്ഡി പറഞ്ഞു.
കേന്ദ്രം 100 രൂപ വിതരണം ചെയ്യുമ്പോൾ ഇടനിലക്കാർ 85 രൂപ കീശയിലാക്കുന്നു, 15 രൂപ മാത്രമാണ് ആളുകളിലേക്ക് എത്തുന്നതെന്ന് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി നേരത്തെ പറഞ്ഞിട്ടുണ്ടെന്നും, എന്നാൽ ഇന്ന് കേന്ദ്രം 100 രൂപ അയച്ചാൽ ഒരു പൈസപോലും കുറയാതെ, വകമാറ്റാതെ ഗുണഭോക്താവിന് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.