photo

അധികാരം ഉറയിലിട്ട വാൾ പോലെയാണ്. അതവിടെ ഉണ്ടെന്ന് കാണിച്ചാൽ മതി. എപ്പോഴും എടുത്ത് വീശേണ്ട കാര്യമില്ല. അനാവശ്യമായി അതെടുത്ത് വീശുന്നവർ തന്നെ വെട്ടിലായിപ്പോയ ചരിത്രമാണ് കൂടുതലും. ഭരണഘടനയിലെ 360 -ാം വകുപ്പ് പ്രകാരം കേന്ദ്ര സർക്കാരിന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാം. ഭരണഘടന നൽകുന്ന അധികാരം ഉപയോഗിച്ചാണ് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അതിനുശേഷം നടന്ന തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയെയും മകൻ സഞ്ജയ് ഗാന്ധിയെയും പാ‌‌ർലമെന്റ് കാണിക്കാൻ അനുവദിക്കാതെയാണ് ഇന്ത്യയിലെ ജനങ്ങൾ പകരംവീട്ടിയത്. ഭരണഘടനയിലെ 365 -ാം വകുപ്പ് പ്രകാരം കേന്ദ്രസർക്കാരിന് സംസ്ഥാന സർക്കാരുകളെ പിരിച്ചുവിടാം. കേന്ദ്രം അത് അനാവശ്യമായി ഉപയോഗിക്കാൻ തുടങ്ങിയാൽ ഇന്ത്യയിലെ ഫെഡറൽ സംവിധാനം തന്നെ തകർന്നുപോകും. ഗവർണ‌ർ പദവിയെ ആക്ഷേപിച്ചാൽ മന്ത്രിസ്ഥാനം റദ്ദാക്കുമെന്ന് സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുന്നറിയിപ്പ് നൽകിയത് അധികാരത്തിന്റെ വാൾ എടുത്തുള്ള വീശലാണ്. അതിന്റെ ആവശ്യമില്ല. അധികാരത്തിനപ്പുറം ഇത്തരം പദവികളിലിരിക്കുന്നവർ പുലർത്തുന്ന ഒൗചിത്യമാണ് ജനാധിപത്യത്തെ പലപ്പോഴും പരിക്കേൽക്കാതെ സുരക്ഷിതമായി മുന്നോട്ട് കൊണ്ടുപോകുന്നത്. മുഖ്യമന്ത്രിയുടെ ശുപാർശയില്ലാതെ ഗവർണർ മന്ത്രിയെ പുറത്താക്കുന്ന നടപടി എടുത്താൽ അത് വലിയ രാഷ്ട്രീയ പ്രക്ഷോഭങ്ങൾക്കും നിയമപ്രശ്നങ്ങൾക്കും ഇടയാക്കാം. ഇതുകൊണ്ട് ജനങ്ങൾക്ക് നഷ്ടമല്ലാതെ യാതൊരു ഗുണവും ലഭിക്കുകയുമില്ല. ഗവർണറുടെ പദവിയുടെ അന്തസ്സ് ഇടിക്കുന്നതാണ് ഇത്തരം ഭീഷണി. അതേസമയം തന്നെ ഗവർണറെ വിമർശിക്കുമ്പോൾ ഭരണഘടനാപദവി വഹിക്കുന്ന മന്ത്രിമാരും ചില ഒൗചിത്യങ്ങൾ പാലിക്കണം. ആർ.എസ്.എസ്സിന്റെ അജൻഡ നടപ്പാക്കുകയെന്ന ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് ഗവർണറെന്ന് സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിക്ക് പറയാം. പക്ഷേ അത് മന്ത്രി പറയുന്നത് ശരിയല്ല. കുന്തം കുടച്ചക്രം എന്നൊക്കെ പറഞ്ഞ ഒരു പഴയ മന്ത്രിയെ നിലവിലുള്ള മന്ത്രിമാർ ഇടയ്ക്കൊക്കെ ഒാർക്കുന്നത് നല്ലതാണ്. ഇരിക്കുന്ന പദവിയെക്കുറിച്ച് എല്ലാവർക്കും ബോധമുണ്ടായിരിക്കണം. വായിൽ തോന്നുന്നത് കോതയ്ക്ക് പാടാം. പക്ഷേ ഗവർണറും മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും മറ്റും അങ്ങനെ വായിൽ തോന്നുന്നത് വിളിച്ച് പറയുന്നവരാകരുത്. അത്തരം ഔചിത്യമില്ലായ്‌മ അവർ വഹിക്കുന്ന സ്ഥാനത്തിന്റെ മഹിമ സമൂഹമദ്ധ്യത്തിൽ ഇടിച്ച് താഴ്ത്താനേ ഉപകരിക്കൂ. സർവകലാശാലകളിലെ വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് സർക്കാർ-ഗവർണർ ഏറ്റുമുട്ടൽ തുടങ്ങിയത്. സർവകലാശാലകളിൽ നടക്കുന്ന പല നിയമനങ്ങളിലും സുതാര്യതയില്ലെന്ന ഒരു സംശയം ജനങ്ങൾക്കിടയിൽ നിലനിൽക്കുന്നുണ്ട്. ഇക്കാര്യങ്ങളിൽ ഗവർണറുടെ നിലപാടിനെ പിന്തുണയ്ക്കുന്നവരും കുറവല്ല. ബന്ധുനിയമനങ്ങളുടെ കൂടാരമായി മാറാനുള്ളതല്ല സർവകലാശാലകൾ. അത് ഭാവിതലമുറയോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണ്. അതേസമയം ഭരണത്തിലിരിക്കുന്ന ഒരു വ്യക്തിയുടെ ബന്ധുവായിപ്പോയെന്ന കാരണത്താൽ ഒരാൾ തഴയപ്പെടാനും പാടില്ല. നിയമപരമായും സുതാര്യമായും കാര്യങ്ങൾ നടക്കണം. അതിനുവേണ്ടിയാവണം ഗവർണറും സർക്കാരും ഇടപെടേണ്ടത്. മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ തുറന്ന് സംസാരിച്ച് അടിയന്തരമായി പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ കാണുകയും തുറന്ന ഏറ്റുമുട്ടൽ അവസാനിപ്പിക്കുകയുമാണ് വേണ്ടത്. ഇനിയുള്ള കാലയളവ് ജനങ്ങൾക്ക് ഉപകാരപ്രദമായ നിരവധി കാര്യങ്ങൾ ചെയ്തുതീർക്കുന്നതിനാവണം സർക്കാർ മുൻതൂക്കം നൽകേണ്ടത്. ആവശ്യമില്ലാതെ വാളെടുത്ത് വീശാതിരിക്കാൻ ഗവർണറും ശ്രദ്ധിക്കണം.