
വർഷങ്ങൾക്ക് മുൻപ് പറഞ്ഞ കാര്യങ്ങൾ വരെ സ്ത്രീകൾ ഓർത്തുവയ്ക്കാറുണ്ടെന്നറിയുമ്പോൾ അമ്പരക്കാത്തവർ കുറവായിരിക്കും. സംസാരത്തിനിടിയിലും വഴക്കിനിടയിലും മറ്റും ഇത്തരം അനുഭവങ്ങൾ പലർക്കും ഉണ്ടാകാം. ഈ കാര്യം താൻ വർഷങ്ങൾക്ക് മുൻപ് പറഞ്ഞതാണല്ലോയെന്ന് അമ്പരക്കാം. എന്നാൽ സ്ത്രീകൾ ഇത്തരത്തിൽ വാക്കുകൾ ഓർത്തുവയ്ക്കുന്നതിന് പിന്നിൽ കാരണമുണ്ടെന്ന് പറയുകയാണ് നോർവേയിലെ ഗവേഷകർ.
വാക്കുകൾ കണ്ടെത്തുന്നതിനും ഓർത്തുവയ്ക്കുന്നതിലും പുരുഷൻമാരേക്കാൾ സ്ത്രീകൾക്ക് കഴിവുണ്ടെന്നാണ് പുതിയ പഠനത്തിൽ തെളിയിക്കുന്നത്. നോർവേയിലെ ബെർഗെൻ സർവകലാശാലയിലെ പ്രൊഫസർ മാക്രോ ഹിർസ്റ്റൈനും സഹപ്രവർത്തകരും ചേർന്നുനടത്തിയ മെറ്റാ അനാലിസിസിലാണ് ഇക്കാര്യം കണ്ടെത്തിയത്. വിഷയം സംബന്ധിച്ച് അനേകം പിഎച്ച്ഡി തീസിസുകൾ, പഠനങ്ങൾ എന്നിവ വിശകലനം ചെയ്താണ് ഇത്തരമൊരു നിഗമനത്തിൽ ഗവേഷകരെത്തിയത്. അഞ്ഞൂറിൽപ്പരം മാനദണ്ഡങ്ങൾ ഉപയോഗിച്ച് നടത്തിയ പഠനത്തിൽ 3,50,000ൽ അധികം പേർ ഭാഗമായി.
ഇത്തരത്തിൽ ഓർമകൾ തിരികെയെത്തിക്കുന്നതിനെ 'എപ്പിസോഡിക് മെമ്മറി'യെന്നാണ് ശാസ്‌ത്രജ്ഞർ വിളിക്കുന്നത്. വ്യക്തിപരമായി അനുഭവിച്ചവ തിരികെ ഓർത്തെടുക്കുന്ന രീതിയാണിത്. അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ പബ്ളിഷ് ചെയ്യുന്ന 'സൈക്കോളജിക്കൽ ബുള്ളറ്റി'ൻ എന്ന പ്രസിദ്ധീകരണത്തിലും എപ്പിസോഡിക്ക് മെമ്മറി പുരുഷൻമാരേക്കാൾ സ്ത്രീകൾക്ക് കൂടുതലാണെന്ന് പറയുന്നു. പ്രസംഗങ്ങളും ദീർഘസംഭാഷണങ്ങളും ഓർക്കുന്നതിലും മറന്നുവച്ച വസ്തുക്കൾ കണ്ടെത്തുന്നതിലും സിനിമയിലെ രംഗങ്ങൾ ഓർക്കുന്നതിലും പുരുഷൻമാരേക്കാൾ സ്ത്രീകൾ മുന്നിലാണെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു. മുഖം ഓർത്തിരിക്കുന്നതിലും മണം പോലുള്ളവ തിരിച്ചറിയുന്നതിലും സ്ത്രീകളാണ് മികച്ചതെന്നും പ്രസിദ്ധീകരണത്തിൽ പറയുന്നു.