
ഭോപ്പാൽ : സ്വന്തം പാർട്ടിയിലെ എം പിയ്ക്ക് നൽകിയ വാക്ക് ഇപ്പോഴും ഗഡ്കരി മറക്കാൻ ഇടയില്ല, അദ്ദേഹം വാക്ക് പാലിച്ചാൽ കോളടിക്കുന്നത് മദ്ധ്യപ്രദേശിലെ ഉജ്ജയിൻ മണ്ഡലത്തിനായിരിക്കും. ഉജ്ജയിൻ എംപി അനിൽ ഫിറോജിയയോട് ശരീരഭാരം കുറയ്ക്കാനാണ് ഗഡ്കരി മോഹന വാഗ്ദ്ധാനം നൽകിയത്. കുറയുന്ന ഓരോ കിലോയ്ക്കും ആയിരം കോടിയുടെ പദ്ധതി മണ്ഡലത്തിൽ അനുവദിക്കാമെന്നായിരുന്നു വാഗ്ദ്ധാനം. ബിജെപി പാർലമെന്റംഗം വെല്ലുവിളി ഏറ്റെടുത്ത് ഭക്ഷണ നിയന്ത്രണവും, കസർത്തും ആരംഭിച്ചതോടെ കുറഞ്ഞത് 32 കിലോയാണ്, അതായത് മണ്ഡലത്തിന് ലഭിക്കേണ്ടത് 32000 കോടി രൂപ.
തന്റെ മണ്ഡലത്തിനായി ശരീര ഭാരം കുറയ്ക്കാൻ കടുത്ത ഡയറ്റ് ചാർട്ടാണ് എം പി പിന്തുടർന്നത്. ഇതിനെ കുറിച്ച് അദ്ദേഹം വിവരിക്കുകയും ചെയ്തു. 'ഞാൻ പുലർച്ചെ 5.30 ന് എഴുന്നേൽക്കുകയും തുടർന്ന് പ്രഭാത നടത്തത്തിന് പോകുകയും ചെയ്യുന്നു. എന്റെ പ്രഭാത വ്യായാമത്തിൽ ഓട്ടവും വ്യായാമവും യോഗയും ഉൾപ്പെടുന്നു. ആയുർവേദ ഭക്ഷണക്രമം പിന്തുടരുന്നു. രാവിലെ ലഘുവായ പ്രഭാതഭക്ഷണം എടുക്കുന്നു. ഉച്ചഭക്ഷണത്തിനും അത്താഴത്തിനും സാലഡും ഒരു പാത്രം പച്ചക്കറികളും മിക്സഡ് ധാന്യങ്ങൾ കൊണ്ട് ഉണ്ടാക്കിയ ഒരു റൊട്ടിയും കഴിക്കുന്നു. ഇടയ്ക്കിടെ കാരറ്റ് സൂപ്പോ ഡ്രൈ ഫ്രൂട്ട്‌സോ കഴിക്കും' ഈ ഡയറ്റ് ചാർട്ടിലൂടെയാണ് അനിൽ ഫിറോജിയ ശരീരഭാരം കുറച്ചത്.
തന്റെ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്കായി 2,300 കോടി രൂപയുടെ വികസന പദ്ധതികളുമായിട്ടാണ് നിതിൻ ഗഡ്കരിയെ അനിൽ ഫിറോജിയ കാണാനെത്തിയത്. ഈ പദ്ധതികൾക്കെല്ലാം കേന്ദ്ര മന്ത്രി അനുമതി നൽകി, ഒപ്പം ഓഫറും. ഈ വർഷം ഉജ്ജയിനിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കവേയാണ് കേന്ദ്ര റോഡ് ഗതാഗതഹൈവേ മന്ത്രി നിതിൻ ഗഡ്കരി താൻ ഫിറോജിയയോട് ഒരു നിബന്ധന വച്ചിട്ടുണ്ടെന്ന വിവരം പരസ്യമാക്കിയത്.