
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണകാരണം വിശദമായി അന്വേഷിക്കണമെന്ന് റിപ്പോർട്ട്. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് നിയോഗിക്കപ്പെട്ട അന്വേഷണ കമ്മിഷന്റെതാണ് ഞെട്ടിക്കുന്ന വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട്. അവസാന നാളുകളിൽ ജയലളിത സഹാനുവർത്തിയായ വി.കെ ശശികലയുമായി നല്ല ബന്ധത്തിലായിരുന്നില്ലെന്നും, അന്നത്തെ ചീഫ് സെക്രട്ടറി ഡോ. രാമമോഹന റാവു കുറ്റകരമായ കൃത്യവിലോപമാണ് നടത്തിയതെന്നും ഹൈക്കോടതി മുൻ ജഡ്ജി എ. അറുമുഖസ്വാമി അദ്ധ്യക്ഷനായ കമ്മിഷൻ വ്യക്തമാക്കുന്നു.
കമ്മിഷൻ റിപ്പോർട്ട് തമിഴ്നാട് നിയമസഭയ്ക്ക് മുന്നിൽ ഇന്ന് സമർപ്പിക്കും. എ. കെ സ്റ്റാലിന്റെ നേതൃത്വത്തിൽ ഡിഎംകെ സർക്കാർ അധികാരമേറ്റപ്പോൾ പ്രഖ്യാപിക്കപ്പെട്ട ആദ്യ തീരുമാനങ്ങളിലൊന്നായിരുന്നു ജയലളിതയുടെ മരണം അന്വേഷിക്കുമെന്നത്. അറുമുഖ സ്വാമി കമ്മിഷൻ റിപ്പോർട്ട് ആഗസ്റ്റിൽ തന്നെ സർക്കാരിന് കൈമാറിയിരുന്നു.
ജയലളിതയെ ചികിത്സിച്ച അപ്പോളോ ആശുപത്രി മാനേജ്മെന്റിനെതിരെയും ഗുരുതരമായ കണ്ടെത്തലുകളാണ് റിപ്പോർട്ടിലുള്ളത്. അപ്പോളോ ചെയർമാൻ ഡോ. പ്രതാപ് റെഡ്ഡി തെറ്റായ വിവിരങ്ങളാണ് പൊതുജനത്തിന് മുന്നിൽ അവതരിപ്പിച്ചതെന്നാണ് കമ്മിഷന്റെ കണ്ടെത്തൽ. ആരോഗ്യ മന്ത്രി സി.വിജയഭാസ്കറും പ്രതിക്കൂട്ടിലാണ്. 2016 ഡിസംബർ അഞ്ചിനാണ് ജയലളിത അന്തരിച്ചത്.