
ഹിന്ദുമത വിശ്വാസപ്രകാരം ഒരുപാട് സവിശേഷതകളുള്ള വൃക്ഷമാണ് മലയാളികൾക്ക് സുപരിചിതമായ അശോകം. പുരാണങ്ങളിലും അശോകമരത്തിന് ഏറെ പ്രാധാന്യം നൽകിയിട്ടുണ്ട്. കാമദേവനായ മന്മദന്റെ അഞ്ച് പൂവമ്പുകളിലൊന്നാണ് അശോകം. അതുകൊണ്ട് തന്നെ സ്ത്രീകളുടെ പാദസ്പർശത്താൽ അശോകം പൂക്കുമെന്നാണ് പറയപ്പെടുന്നത്.
വാസ്തുശാസ്ത്ര പ്രകാരവും അശോകമരം ശ്രേഷ്ഠമാണ്. വീടിന്റെ വടക്കുഭാഗത്ത് അശോകം നട്ടുപിടിപ്പിച്ചാൽ പോസിറ്റീവ് എനർജി ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. അശോകത്തിന്റെ ഇലകൾ വീടിന്റെ മുൻ വാതിലിൽ കോർത്തിടുന്നതും ഐശ്വര്യം വരാൻ സഹായിക്കും. കൂടാതെ വിവാഹം പെട്ടെന്ന് നടക്കാൻ വേണ്ടിയുള്ള ബാണേശി ഹോമത്തിൽ അശോക പുഷ്പം തൈരിൽ മുക്കി ഉപയോഗിക്കാറുണ്ട്. ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അശോകത്തിന്റെ ഏഴ് ഇലകൾ പൂജാ മുറിയിൽ വച്ച് നിത്യവും തീർത്ഥം തളിക്കുന്നത് നല്ലതാണ്. വീട്ടിൽ അശോകമരം ഉണ്ടെങ്കിൽ മനോവിഷമങ്ങൾ മാറ്റി പേരും പെരുമയും നൽകുമെന്നാണ് വിശ്വാസം.
ഇതോടൊപ്പം അശോകത്തിന് ഔഷധഗുണങ്ങളും ഏറെയാണ്. അശോകത്തിന്റെ തൊലി, പൂവ്, വിത്ത് എന്നിവ വെള്ളത്തിലോ പാലിലോ കലർത്തി കുടിക്കുന്നത് നല്ലതാണ്. ഗർഭാശയ രോഗങ്ങൾ, ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ, പ്രമേഹം, സന്ധിവേദന, പൊള്ളൽ, അലർജി, വൃക്കയിലെ കല്ല്, അർശസ് എന്നിവയ്ക്ക് പരിഹാരമാണ് അശോകം.