
ഗാന്ധിനഗർ : ഭീകര വിരുദ്ധ ഓപ്പറേഷനുകളിലും, അതിർത്തിയിൽ നുഴഞ്ഞു കയറ്റം തടയുന്നതിനുംഇന്ത്യൻ സൈന്യത്തിന് കരുത്തേകുന്ന എ കെ203 തോക്കുകൾ ഇനി റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്യേണ്ട. ഈ വർഷം അവസാനം മുതൽ എ കെ203 തോക്കുകൾ ഇന്ത്യയിൽ നിർമ്മാണം ആരംഭിക്കും. ഇക്കാര്യം റഷ്യൻ ആയുധ കയറ്റുമതി കമ്പനിയായ റോസോബോൺ എക്സ്‌പോർട്ടാണ് അറിയിച്ചത്. ഇന്ത്യൻ സൈന്യത്തിന് വേണ്ടി ഏഴര ലക്ഷം എ.കെ 203 തോക്കുകൾ നിർമിക്കാനുള്ള കരാറിൽ 2019ൽ ഇന്ത്യയും റഷ്യയും ഒപ്പിട്ടിരുന്നു. ഇതിൽ ഒരു ലക്ഷം തോക്കുകൾ റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്യാനും ബാക്കി ഇന്ത്യയിൽ നിർമ്മിക്കുവാനുമായിരുന്നു കരാർ. ഇത് പ്രകാരം തോക്ക് നിർമ്മിക്കുന്നതിനായുളള ഫാക്ടറി നിർമ്മാണം യു പിയിലെ അമേഠിയിൽ പൂർത്തിയായി.
'ഈ വർഷം അവസാനത്തോടെ ഇന്ത്യയിൽ എകെ 203 റൈഫിൾ ഉത്പാദനം ആരംഭിക്കും. ഇന്ത്യയിലെ പ്ലാന്റ് ഈ വർഷം അസോൾട്ട് റൈഫിളുകളുടെ സീരിയൽ ഉത്പാദനം ആരംഭിക്കാൻ തയ്യാറാണ്, 'ഒക്‌ടോബർ 18 മുതൽ 22 വരെ ഗുജറാത്തിലെ ഗാന്ധിനഗറിൽ നടക്കുന്ന ഡിഫൻസ് എക്സ്‌പോയിൽ പങ്കെടുക്കാനെത്തിയ റോസോബോൺ എക്സ്‌പോർട്ട് മേധാവി അലക്സാണ്ടർ മിഖീവ് പറഞ്ഞു. ഗുജറാത്തിലെ ഗാന്ധി നഗറിൽ ആരംഭിച്ച അഞ്ച് ദിവസത്തെ ഡിഫൻസ് എക്സ്‌പോയിൽ കമ്പനി പങ്കെടുക്കുന്നുണ്ട്.
ഉത്തർപ്രദേശിലെ അമേത്തിയിൽ സ്ഥിതി ചെയ്യുന്ന കോർവ ഓർഡിനൻസ് ഫാക്ടറിയിൽ അഞ്ച് ലക്ഷം എ കെ 203 തോക്കുകൾ നിർമിക്കാൻ ഈ വർഷം ആദ്യം കേന്ദ്രം അനുമതി നൽകിയിരുന്നു. യുക്രെയിൻ-റഷ്യ സംഘർഷം അനന്തമായി നീളുന്നതിനാലാണ് ഇന്ത്യയിലെ പ്രവർത്തനങ്ങൾ മന്ദഗതിയിലായതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രതിരോധ നിർമാണമേഖല സ്വയംപര്യാപ്തമാക്കുന്ന കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് എ കെ 203 ഇന്ത്യയിൽ നിർമ്മിക്കുന്നത്. തോക്ക് നിർമാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളും ഭാഗങ്ങളും ആവശ്യമായതിനാൽ അതുമായി ബന്ധപ്പെട്ട മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കാനും രാജ്യത്തിനാവും.
ഇന്ത്യൻ സൈന്യം ഉപയോഗിക്കുന്ന ഇൻസാസ് റൈഫിളിന് പകരമായാണ് എ കെ 203 സ്ഥാനം പിടിക്കുക. ഭാരം കുറഞ്ഞ ഈ തോക്കിന്റെ ദൂരപരിധി 300 മീറ്ററാണ്. സൈനികർക്ക് വളരെ വേഗത്തിലും എളുപ്പത്തിലും കൈകാര്യം ചെയ്യാൻ സാധിക്കുമെന്നതും മേന്മയാണ്. ഇന്ത്യയുടെ ഓർഡിനൻസ് ഫാക്ടറിയും കലാഷ്നിക്കോവ് കൺസോണും റോസോബോൺ എക്സ്‌പോർട്ട്സും ചേർന്നാണ് ഇന്ത്യയിൽ തോക്കുകൾ നിർമ്മിക്കുന്നത്.