extinct-dog-breeds

ലോകത്ത് നിന്ന് വംശനാശം സംഭവിച്ചുപോയ ചില ശ്വാന വർഗങ്ങളുണ്ട്. ഒരുകാലത്ത് നമ്മുടെ പൂർവികരുടെ നിഴലായി നടന്ന ആ ശ്വാനവീരന്മാരെ കുറിച്ച് അറിയാം-

1. സെന്റ് ജോൺസ് വാട്ടർ ഡോഗ്

നമ്മളിൽ പലരുടെയും വീടുകളിൽ കാണാറുള്ള ഗോൾഡ്ൻ റിട്രീവറിന്റെ മുൻഗാമിയാണ് സെന്റ് ജോൺസ് വാട്ടർ ഡോഗ് എന്നറിയപ്പെട്ടിരുന്ന കനേഡിയൻ നായവർഗം. ലാബ്രഡോറുമായും ഇവയ‌്ക്ക് വളരെ സാമ്യമുണ്ടായിരുന്നു. 1980കളിൽ വംശനാശം സംഭവിച്ചു.

2. ട്വീഡ് വാട്ടർ സ്പാനിയൽ

ജലാശയങ്ങളിൽ കഴിഞ്ഞിരുന്ന അപൂർവം നായവർഗമായിരുന്നു ട്വീഡ് വാട്ടർ സ്പാനിയൽ. മത്സ്യമായിരുന്നു ഇവന്റെ പ്രധാന ഭക്ഷണം. വടക്കൻ ഇംഗ്ളണ്ടാണ് ദേശം. സെന്റ് ജോൺസ് വാട്ടർ ഡോഗ് അടക്കമുള്ളവയുമായുള്ള ക്രോസ് ബ്രീഡിംഗ് ആണ് സ്പാനിയലിന്റെ വംശത്തിന് ഭീഷണിയായി തീർന്നത്.

3. ഹവായിയൻ പൊയി ഡോഗ്

200 വർഷങ്ങൾക്ക് മുമ്പ് ലോകത്ത് നിന്നും അപ്രത്യക്ഷമായ ശ്വാനവർഗമാണിവ. പോളിനേഷ്യൻസ് ആണ് ഇവയെ ഹവായിലേക്ക് കൊണ്ടുവന്നത്. ഭക്ഷണത്തിനായി വൻതോതിൽ ഉപയോഗിക്കപ്പെട്ടതും വംശനാശത്തിന് കാരണമായി.

4. കുറി ഡോഗ്

പതിമൂന്നാം നൂറ്റാണ്ടിൽ പോളിനേഷ്യൻസ് ആണ് ഇവയെ ന്യൂസിലാൻഡിലേക്ക് കൊണ്ടുവന്നത്. മവോരി നാടോടിക്കഥകളിൽ ഏറെ പരാമർശിക്കപ്പെട്ടിട്ടുള്ള കുറിയുടെ വംശനാശം സംഭവിച്ചത് യൂറോപ്യന്മാരുടെ കടന്നുകയറ്റത്തോടെയാണ്.

5. മൊലോസസ് ഡോഗ്

ഗ്രീക്ക് പുരാണങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുള്ളവയാണ് മൊലോസസ്. വേട്ടയ‌്ക്കും കാവലിനും യുദ്ധത്തിലും മികച്ച പ്രകടനം നടത്തിയിരുന്ന ഇവയ‌്ക്ക് എന്താണ് സംഭവിച്ചതെന്ന് അജ്ഞാതമാണ്.

6. സാലിഷ് വൂൾ ഡോഗ്

പത്തൊമ്പതാം നൂറ്റാണ്ടുവരെ ഈ ഭൂമുഖത്ത് ജീവിച്ചിരുന്നവ. വടക്കൻ അമേരിക്കയിലേക്ക് ഇവയെ കൊണ്ടുവന്നത് യൂറോപ്യന്മാരാണ്. ചെമ്മരിയാടിന് സമാനമായ രോമങ്ങൾ ഉള്ള സാലിഷ് വൂളിനെ അമിതമായി കൊന്നൊടുക്കുകയായിരുന്നു.