
മുടിയുടെ ആരോഗ്യം മെച്ചപ്പെടുന്നതിനും കൊഴിച്ചിൽ മാറി കട്ടിയോടെ വളരാനും ഓയിൽ മസാജ് വളരെ നല്ലതാണ്. ഇതിനായി വെളിച്ചെണ്ണയോ ആവണക്കെണ്ണയോ ആണ് പലരും പരീക്ഷിക്കുന്നത്. എന്നാൽ മുടി നര മാറാനും കട്ടിയോടെ വളരാനും ഇവയെക്കാളെല്ലാം ഗുണം ചെയ്യുന്നത് എള്ളെണ്ണയാണ്. മുടിയുടെ പല പ്രശ്നങ്ങൾക്കും പരിഹാരം കാണാനും എള്ളെണ്ണ പുരട്ടുന്നത് നല്ലതാണ്. മുടിയിൽ എള്ളെണ്ണ തേയ്ക്കുന്നതുകൊണ്ട് ലഭിക്കുന്ന ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
നര
അകാല നര ചെറുക്കാൻ എള്ളെണ്ണ സഹായിക്കുന്നു. ഇതിലെ ആന്റിഓക്സിഡന്റുകളാണ് മുടി കറുപ്പിക്കാൻ സഹായിക്കുന്നത്. മുടി നരയ്ക്കാൻ കാരണമായ ഫ്രീ റാഡിക്കലുകളെ ചെറുത്ത് കട്ടിയായി വളരാൻ എള്ളെണ്ണ പുരട്ടിയാൽ മതി.
താരൻ
താരനും പേനിനുമുള്ള നല്ലൊരു പരിഹാരമാണ് എള്ളെണ്ണ. ഇതിന്റെ ആന്റി ഫംഗൽ, ആന്റി ബാക്ടീരിയൽ ഗുണങ്ങളാണ് താരനും പേനും മാറാൻ സഹായിക്കുന്നത്. കെമിക്കലുകൾ ഉപയോഗിക്കുന്നതിന് പകരം അൽപ്പം എള്ളെണ്ണ ചൂടാക്കി തലയിൽ തേയ്ച്ചാൽ മതി. ടീ ട്രീ ഓയിലുമായി കലർത്തി തേയ്ക്കുന്നതും നല്ലതാണ്.
വരൾച്ച
വരണ്ട മുടി പലരെയും അലട്ടുന്ന പ്രശ്നമാണ്. എള്ളെണ്ണ പുരട്ടുന്നത് ഇതിന് ഉത്തമമായ പരിഹാരമാണ്. വരണ്ട മുടിയിഴകൾക്ക് ഈർപ്പം നൽകുന്നതിന് എള്ളെണ്ണ സഹായിക്കുന്നു. വരൾച്ച കാരണം മുടി പൊട്ടിപ്പോകുന്ന പ്രശ്നവും ഇതിലൂടെ മാറിക്കിട്ടും.
ഉപയോഗിക്കേണ്ട വിധം
വെളിച്ചെണ്ണയിൽ എള്ളെണ്ണ കലർത്തി ഉപയോഗിക്കുന്നത് മുടി മൃദുവാകാൻ സഹായിക്കും. ബദാം ഓയിലുമായി ചേർത്ത് ഉപയോഗിക്കുന്നത് മുടി പൊട്ടിപ്പോകുന്നത് തടയുന്നു. ശിരോചർമം വൃത്തിയാക്കുന്നതിന് ആര്യവേപ്പെണ്ണയുമായി ചേർത്ത് ഇവ ഉപയോഗിക്കാം.