
ലണ്ടൻ: തിങ്കളാഴ്ച പലർക്കും പേടിസ്വപ്നമാണ്. വാരാന്ത്യ അവധിക്കു ശേഷം തിങ്കളാഴ്ച ജോലിക്കും സ്കൂളിലും പോകാൻ മടി കാട്ടുന്നവരാണ് പലരും. മാനസിക സമ്മർദ്ദമില്ലാത്ത അലസമായ രണ്ടു ദിവസങ്ങൾക്കു ശേഷം തിരക്കിലേക്കു പ്രവേശിക്കാൻ നിങ്ങളും പേടിക്കുന്നുണ്ടോ? അത്ര നിസാരമല്ല ആ പേടി. എങ്കിൽ ആ പേടിയും മടിയും ഒറ്റപ്പെട്ടതല്ലെന്നു പ്രഖ്യാപിച്ചിരിക്കുകയാണ് സാക്ഷാൽ ഗിന്നസ് വേൾഡ് റെക്കോഡ്സ്. അതെ, ആഴ്ചയിലെ ഏറ്രവും മോശം ദിവസം തിങ്കളാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നു ഗിന്നസ് വേൾഡ് റെക്കോഡ്സ്. അതും തിങ്കളാഴ്ച തന്നെ. ഔദ്യോഗിക ട്വറ്റർ അക്കൗണ്ടിലൂടെയാണ് ഗിന്നസ് റെക്കോഡ്സ് ഈ പുതിയ കൗതുക റെക്കോഡ് വാർത്ത പുറത്തു വിട്ടത്. ആഴ്ചയിലെ ഏറ്റവും മോശം ദിവസം എന്ന റെക്കോഡ് ഞങ്ങൾ ഔദ്യോഗികമായി തിങ്കളാഴ്ചയ്ക്കു നൽകുന്നു എന്നാണ് ട്വിറ്ററിൽ അവർ കുറിച്ചത്. വാർത്തയ്ക്ക് വൻ സ്വീകരണമാണ് ജനങ്ങളുടെ ഭാഗത്തു നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. തങ്ങളുടെ വിഷമം ആരെങ്കിലും മനസിലാക്കുന്നുണ്ടല്ലോ എന്നും ഗിന്നസ് തങ്ങളുടെ മനസ്സു വായിച്ചെന്നും തുടങ്ങി വാർത്ത പോലെ കൗതുകമുള്ള പ്രതികരണങ്ങളാണ് ജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.
തിങ്കളാഴ്ചയോടുള്ള പേടിയും മടിയും ആഗോള തലത്തിൽ ചർച്ച ചെയ്യുന്ന കാലമാണിത്. മണ്ടെ ബ്ലൂസ് എന്ന പേരു തന്നെ ഈ അവസ്ഥയ്ക്കുണ്ട്. സെലിബ്രിട്ടികളും വ്യവസായികളുമടക്കം നിരവധി പേർ മണ്ടെ ബ്ലൂസ് എന്ന അവസ്ഥയെക്കുറിച്ച് തുറന്നു സംസാരിച്ചിട്ടുണ്ട്.
ഗിന്നസ് റെക്കോഡ്സിന്റെ പുതിയ പ്രഖ്യാപനത്തോടെ അത്ര നിസാരമല്ലാത്ത ഈ അവസ്ഥയെക്കുറിച്ച് കൂടുതൽ ചർച്ചയുണ്ടായിരിക്കുകയാണ്.