വ്യത്യസ്തമായ ചിക്കൻ വിഭവങ്ങൾ എത്രതന്നെ കഴിച്ചാലും നമുക്ക് മടുക്കാറില്ല. സ്ഥിരം പാചകരീതിയിൽ നിന്ന് മാറ്റി പുതിയ പരീക്ഷണങ്ങൾ നടത്താൻ മിക്കവാറും പേർക്കും ഇഷ്ടമാണ്. ഇത്തരം പരീക്ഷണങ്ങൾ നമ്മൾ കൂടുതലും നടത്താറുള്ളത് നോൺ- വെജ് വിഭവങ്ങളിലായിരിക്കും. അത്തരമൊരു വെറൈറ്റി വിഭവവുമായി എത്തുകയാണ് സീരിയൽ താരം അരുൺ. നാടൻ കാന്താരി ചിക്കൻ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് കാണാം.

ആവശ്യമായ ചേരുവകൾ
ഒരു നാടൻ കോഴി കഷ്ണങ്ങളാക്കിയത്, പത്ത് ഗ്രാം ഇഞ്ചി- വെളുത്തുള്ളി ചതച്ചത്, മഞ്ഞൾപ്പൊടി, ഗരംമസാല പൊടി, കാന്താരി പേസ്റ്റ്, 150 ഗ്രാം ചെറിയ ഉള്ളി, രണ്ട് തക്കാളി ചെറുതായി അരിഞ്ഞത്, കറിവേപ്പില, ഉപ്പ്, വെളിച്ചെണ്ണ, തേങ്ങ തിരുകിയത് പേസ്റ്റ് രൂപത്തിലാക്കിയത് എന്നിവയാണ് നാടൻ കാന്താരി ചിക്കൻ ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ.
തയ്യാറാക്കുന്ന വിധം
ആദ്യം പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കണം. ശേഷം കുറച്ച് കറിവേപ്പില ഇടാം. ഇതിലേയ്ക്ക് തൊലികളഞ്ഞുവച്ചിരിക്കുന്ന ചെറിയ ഉള്ളി ഇട്ട് നന്നായി വഴറ്റിയെടുക്കണം. ഉള്ളി നന്നായി വഴണ്ടുവരുമ്പോൾ ചിക്കൻ ചേർത്തുകൊടുക്കാം. ഇനി ഇതിലേയ്ക്ക് ഒന്നര സ്‌പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കുറച്ച് നേരം അടച്ചുവച്ച് വേവിക്കണം. ശേഷം ഇതിലേയ്ക്ക് ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്, കാന്താരി പേസ്റ്റ്, തക്കാളി അരിഞ്ഞത് എന്നിവ ചേർക്കണം. ഇത് നന്നായി യോജിപ്പിച്ച് കുറച്ച് നേരം അടച്ചുവച്ച് വേവിക്കണം. ചിക്കൻ നന്നായി വെന്തുകഴിയുമ്പോൾ ഇതിലേയ്ക്ക് തേങ്ങ അരച്ചത് ചേർത്തുകൊടുക്കാം. ശേഷം കുറച്ച് നേരം കൂടി അടച്ചുവയ്ച്ച് വേവിക്കണം. ഇതിലേയ്ക്ക് ഒരു സ്പൂൺ വെളിച്ചെണ്ണ, കുറച്ച് കറിവേപ്പില, കുറച്ച് ഗരംമസാല എന്നിവ ചേർത്ത് കുറച്ചുനേരം കൂടി അടച്ചുവച്ച് വേവിച്ചുകഴിയുമ്പോൾ നാടൻ കാന്താരി ചിക്കൻ തയ്യാർ.