
അംബാനി, അദാനി ഈ പേരുകൾ രാജ്യത്തെ കൊച്ചു കുട്ടികൾക്ക് പോലും മനപാഠമാണ്. ഇവരിൽ ഇപ്പോൾ കൂടുതൽ സമ്പന്നൻ അദാനിയാണെങ്കിലും, അംബാനിയുടെ പേരാവും ആളുകളുടെ മനസിൽ ആദ്യം പതിഞ്ഞിട്ടുള്ളത്. അടുത്തിടെ ഇദ്ദേഹത്തിന് കേന്ദ്രം കൂടുതൽ സുരക്ഷ നൽകുന്നതിനായി ഇസഡ് പ്ലസ് കാറ്റഗറിയിലേക്ക് മാറ്റിയിരുന്നു. ജീവന് ഭീഷണിയുള്ള നിരവധി സന്ദേശങ്ങൾ ലഭിച്ചതിനെ തുടർന്നാണ് ഈ മാറ്റം. എന്നാൽ സ്വകാര്യ സുരക്ഷാ സംവിധാനങ്ങളും കോടീശ്വരൻ ഉപയോഗിക്കുന്നുണ്ട്. റോഡിലൂടെ അപൂർവം സഞ്ചരിക്കുന്ന അംബാനിയുടെ വാഹന വ്യൂഹത്തിലുള്ളത് കോടികൾ വിലമതിക്കുന്ന ആഢംബര വാഹനങ്ങളാണ്. അടുത്തിടെ അംബാനി റോഡ് മാർഗം സഞ്ചരിച്ചപ്പോൾ ആരോ പകർത്തിയ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞോടുന്നുണ്ട്. ലക്ഷപ്രഭുക്കൾ സ്വന്തമാക്കാൻ കൊതിക്കുന്ന വാഹനങ്ങൾ, മുകളിൽ ബീക്കൺ ലൈറ്റും വച്ച് പൈലറ്റ് വാഹനങ്ങളായി പോകുന്ന കാഴ്ച കാണേണ്ടതാണ്.
മുകേഷ് അംബാനിയുടെ വാഹനവ്യൂഹത്തിൽ അഞ്ച് റേഞ്ച് റോവറുകളും രണ്ട് ഡിസ്‌കവറി സ്‌പോർട്സും മൂന്ന് എം ജി ഗ്ലോസ്റ്ററുകളുമാണുള്ളത്. ഏകദേശം 30 കോടി രൂപ വിലമതിക്കുന്ന കാറുകളുടെ വാഹനവ്യൂഹത്തിലാണ് ഈ കോടീശ്വരൻ നഗരത്തിലൂടെ സഞ്ചരിക്കുന്നത്.
മെഴ്സിഡസ് ബെൻസ് എസ് ഗാർഡ് എന്ന വാഹനവ്യൂഹത്തിലെ ഏറ്റവും വിലകൂടിയ കാറിലാണ് അംബാനി സഞ്ചരിക്കുന്നത്. ഈ വർഷം ആദ്യം അംബാനിക്ക് ലഭിച്ച ഏറ്റവും പുതിയ തലമുറ മെഴ്സിഡസ് ബെൻസ് എസ്ഗാർഡാണിത്. കസ്റ്റമൈസേഷൻ ലെവൽ അനുസരിച്ച് ഈ കാറിന്റെ വില 10 കോടി രൂപയിലധികം വരും. ബുള്ളറ്റ് പ്രൂഫ് പരിരക്ഷയ്‌ക്കൊപ്പം ബോംബുകൾക്ക് പോലും തകർക്കാനാവാത്ത സുരക്ഷയാണ് ഇതിനുള്ളത്. ഇതിനാൽ കാറിലേക്ക് നേരിട്ട് തൊടുത്തുവിടുന്ന വെടിയുണ്ടകളേയും, രണ്ട് മീറ്റർ ദൂരത്തിൽ നിന്ന് 15 കിലോഗ്രാം ടിഎൻടി സ്‌ഫോടനം നടത്തിയാൽ പോലും കാറിനുള്ളിലുള്ളവർക്ക് യാതൊരു ഭയവും കൂടാതെ സഞ്ചരിക്കാനാവും.
റേഞ്ച് റോവറുകൾ
അംബാനിയുടെ സുരക്ഷാ വ്യൂഹത്തിൽ പണ്ടുമുതലേ ഇടം പിടിച്ചിട്ടുള്ളവയാണ് റേഞ്ച് റോവറുകൾ. പൊലീസ് സ്റ്റിക്കറുകൾ പതിപ്പിച്ച അഞ്ചോളം റേഞ്ച് റോവറുകളാണ് അംബാനിയുടെ വ്യൂഹത്തിലുള്ളത്. 2 കോടി മുതൽ 3.5 കോടി രൂപ വരെയാണ് വില. സുരക്ഷാ കാരണങ്ങളാൽ ഇതിൽ എന്തൊക്കെ സവിശേഷതകൾ കൂട്ടിച്ചേർത്തിട്ടുണ്ടെന്ന വിവരം പുറത്ത് വിട്ടിട്ടില്ല.
ലാൻഡ് റോവർ ഡിസ്‌കവറി
ലാൻഡ് റോവർ ഡിസ്‌കവറി സ്‌പോർട്ട് എസ് യു വികളും അംബാനിയുടെ സുരക്ഷാ വ്യൂഹത്തിന് മാറ്റുകൂട്ടുന്നു. ഏകദേശം 80 ലക്ഷം രൂപ വിലയുള്ള അഞ്ച് വ്യത്യസ്ത എസ് യു വികളെങ്കിലും അംബാനിയുടെ വാഹനവ്യൂഹത്തിൽ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.
എംജി ഗ്ലോസ്റ്റർ
അംബാനിക്ക് സുരക്ഷ ഒരുക്കുന്ന മഹാരാഷ്ട്ര പൊലീസാണ് എംജി ഗ്ലോസ്റ്ററിൽ സഞ്ചരിക്കുന്നത്. ഈ വാഹനങ്ങൾ സംസ്ഥാനത്തിന്റേതാണോ, അംബാനി കുടുംബത്തിന്റെതാണോ എന്ന് വ്യക്തമല്ല. എം ജി ഗ്ലോസ്റ്ററിന് ഏകദേശം 40 ലക്ഷം രൂപയാണ് വില. ഇത്തരത്തിലുള്ള മൂന്ന് വാഹനങ്ങൾ വ്യൂഹത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ടൊയോട്ട ഫോർച്യൂണർ
മുകേഷ് അംബാനിയുടെ കുടുംബാംഗങ്ങൾക്ക് പരിരക്ഷ നൽകുന്നതിനായി ഒന്നിലധികം വെള്ള നിറത്തിലുള്ള ടൊയോട്ട ഫോർച്യൂണറുകൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഫോർച്യൂണറിന്റെ കൃത്യമായ കണക്ക് പുറത്ത് വന്നിട്ടില്ല. ആറോളം വ്യത്യസ്ത ഫോർച്യൂണറുകളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാണ്. വെള്ള നിറത്തിലുള്ള എല്ലാ ഫോർച്യൂണറുകളും പുതിയ പതിപ്പുകളാണ്. ഇതിന് പുറമേ നിരവധി ബെൻസുകൾ, മഹീന്ദ്ര എക്സ്യൂവി തുടങ്ങിയവയും വാഹന വ്യൂഹത്തിൽ പലപ്പോഴായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.