saudi-russia-

വാഷിംഗ്ടൺ : യുക്രെയിനിൽ റഷ്യ നടത്തുന്ന കടന്നുകയറ്റം അവസാനമില്ലാതെ തുടരവേ, ഉപരോധത്തിലൂടെ പുട്ടിനെ തളയ്ക്കാമെന്ന അമേരിക്കൻ മോഹങ്ങൾ സുഹൃദ് രാജ്യങ്ങൾ അട്ടിമറിക്കുകയാണ്. അടുത്തിടെ ഒപെക് പ്ലസ് രാജ്യങ്ങൾ ചേർന്ന് അടുത്ത മാസം എണ്ണ ഉൽപ്പാദനം പ്രതിദിനം 2 ദശലക്ഷം ബാരൽ കുറയ്ക്കാൻ എടുത്ത തീരുമാനം റഷ്യയ്ക്ക് കരുത്ത് പകരുന്നതാണ്. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയരുന്നത് റഷ്യയ്ക്ക് ഇപ്പോഴത്തെ അവസ്ഥയിൽ ഏറെ അനുകൂലമാണ്. ഇന്ത്യയടക്കമുള്ള വലിയ അളവിൽ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളെ കൂടെനിർത്താൻ ഇതിലൂടെ അവർക്കാകും. ഇതിന് വഴിവയ്ക്കുന്ന റഷ്യൻ താൽപ്പര്യങ്ങളെ പിന്തുണയ്ക്കാനുള്ള സൗദി അറേബ്യയുടെ തീരുമാനത്തെ സംശയത്തോടെയാണ് ഇപ്പോൾ അമേരിക്ക വീക്ഷിക്കുന്നത്.

പുട്ടിനുമായുള്ള അടുപ്പം കണക്കിലെടുത്ത് സൗദി അമേരിക്ക നൽകുന്ന പ്രതിരോധ സാങ്കേതികവിദ്യ റഷ്യയ്ക്ക് കൈമാറിയേക്കാം എന്ന സംശയവും ഇപ്പോൾ ഉയരുന്നുണ്ട്. സെനറ്റ് സായുധ സേവന സമിതി അംഗം റിച്ചാർഡ് ബ്ലൂമെന്തലാണ് ഈ ആശങ്ക പങ്കുവയ്ക്കുന്നത്. ഗാർഡിയന് നൽകിയ അഭിമുഖത്തിലാണ് സൗദി റഷ്യയുമായുള്ള ബന്ധം അമേരിക്കയ്ക്ക് ഭീഷണിയാണെന്ന് അദ്ദേഹം പങ്കുവച്ചത്. സൗദിയിലേക്കുള്ള അമേരിക്കയുടെ ആയുധ കയറ്റുമതി ഒരു വർഷത്തേയ്ക്ക് നിരോധിക്കണമെന്നും അഭിമുഖത്തിൽ റിച്ചാർഡ് മുന്നോട്ട് വയ്ക്കുന്നു. ഈ നിർദ്ദേശത്തിന് യുഎസ് കോൺഗ്രസിൽ പിന്തുണ ലഭിക്കുമെന്നും അദ്ദേഹം സൂചന നൽകി.

അമേരിക്കയുമായി സഖ്യം പങ്കിടുന്ന രാജ്യമായ സൗദി അറേബ്യ, റഷ്യയ്‌ക്കൊപ്പം ചേർന്ന് എണ്ണ ഉൽപ്പാദനം വെട്ടിക്കുറച്ചത് പാശ്ചാത്യ രാജ്യങ്ങളെ അത്ഭുതപ്പെടുത്തിയിരുന്നു. ജോ ബൈഡന്റെ നേതൃത്വത്തിലുള്ള അമേരിക്കയ്ക്ക് അടുത്തിടെ കിട്ടിയ വലിയ പ്രഹരമാണ് ഇതെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്.