
ന്യൂഡൽഹി: പാകിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന 2023ലെ ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യൻ ടീം പങ്കെടുക്കുമോയെന്ന കാര്യത്തിൽ തീരുമാനമായി. ഇന്ത്യൻ ടീം പാകിസ്ഥാനിലേയ്ക്ക് പോകില്ലെന്ന് ബി സി സി ഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി. ഇന്ന് മുംബയിൽ നടന്ന 91ാമത് ബി സി സി ഐ വാർഷിക പൊതുയോഗത്തിലാണ് ജയ് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. ഏഷ്യാകപ്പ് മത്സരം പാകിസ്ഥാനിൽ ആയിരിക്കില്ല നടക്കുന്നതെന്നും ജയ് ഷാ സൂചിപ്പിച്ചു. ടൂർണമെന്റിൽ പങ്കെടുക്കാൻ ഇന്ത്യൻ ടീമിനെ ബി സി സി ഐ അയച്ചേക്കുമെന്ന് മുൻപ് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
2005- 2006 സീസണിലാണ് ഇന്ത്യ അവസാനമായി പാകിസ്ഥാനിൽ കളിച്ചത്. രാഹുൽ ദ്രാവിഡിന്റെ ക്യാപ്‌ടൻസിയിൽ ഇന്ത്യ അന്ന് മൂന്ന് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും കളിച്ചിരുന്നു.2012- 13 കാലയളവിൽ പാകിസ്ഥാൻ ഇന്ത്യയിൽ മൂന്ന് ടി20 മത്സരങ്ങളിലും നിരവധി ഏകദിനങ്ങളിലും പങ്കെടുത്തിരുന്നു. അതിന് ശേഷം ഇരുടീമുകളും അന്താരാഷ്ട്ര മത്സരങ്ങളിലും ഏഷ്യാ കപ്പുകളിലുമാണ് പരസ്‌പരം ഏറ്റുമുട്ടിയിരുന്നത്.
ഒക്ടോബർ 23ന് നടക്കുന്ന ടി20 വേൾഡ് കപ്പിലാണ് ഇന്ത്യയും പാകിസ്ഥാനും അടുത്തതായി പരസ്പരം മാറ്റുരയ്ക്കുന്നത്. യു എ ഇയിൽ കഴിഞ്ഞവർഷം നടന്ന ടി20 വേൾഡ് കപ്പിൽ പാകിസ്ഥാൻ ഇന്ത്യയെ മുട്ടുകുത്തിച്ചിരുന്നു.