പ്രവാസി വ്യവസായിയായ അഡ്വ. സിറാജുദ്ദീന് പാരമ്പര്യമായി കൈവന്നതാണ് കാരുണ്യം

അഡ്വ. സിറാജുദ്ദീനും ഭാര്യ ഷംലയും
പ്രവാസി വ്യവസായിയായ അഡ്വ.സിറാജുദ്ദീന് പാരമ്പര്യമായി കൈവന്നതാണ് കാരുണ്യം.കണിയാപുരത്തെ കയർ വ്യവസായിയായിരുന്ന അങ്ങേ മണക്കാട്ടിൽ വീട്ടിലെ മുഹമ്മദാലിയുടെ കീഴിൽ നിരവധി തൊഴിലാളികൾ പണിയെടുത്തിരുന്നു.മുഹമ്മദാലിയുടെ എട്ടു മക്കളിൽ അഞ്ചാമനായിരുന്ന സിറാജുദ്ദീൻ പലപ്പോഴും പിതാവിനോടൊപ്പം കായലും കായലിനരികിലെ കയർ നിർമ്മാണവും കാണാൻ പോകുമായിരുന്നു.റാട്ടുകളിൽ നിന്നുയരുന്ന താളങ്ങളേക്കാൾ കുട്ടിയായിരുന്ന സിറാജുദ്ദീൻ ശ്രദ്ധിച്ചത് മാലി പൊട്ടിക്കാതെ റാട്ട് കറക്കിയിരുന്നവരുടെ കണ്ണുകളിലെ ദൈന്യതയാണ്.മുതലാളിയുടെ മകനോട് കുശലം ചോദിക്കുമ്പോഴും അവരുടെ വരണ്ടുണങ്ങിയ ചുണ്ടുകളിൽ വിരിഞ്ഞിരുന്നത് പട്ടിണിയാൽ ചതഞ്ഞ ചിരികളായിരുന്നു.ഉച്ചയാകുമ്പോൾഅലുമിനീയം പാത്രത്തിലെ പഴഞ്ചോറ് ആർത്തിയോടെ വാരി തിന്നുന്ന കയർ തൊഴിലാളികളുടെ ദയനീയ മുഖം സിറാജുദ്ദീന് വേദനയായി മാറും.വീട്ടിലെ വിഭവസമൃദ്ധമായ ഊണ് മേശക്ക് മുന്നിലിരിക്കുമ്പോഴും എരിയുടേയും രുചിയുടേയും പേരിൽ ഉമ്മയായ തേമ്പാക്കാല അസുമയോട് വഴക്കിടുന്ന ശീലം സിറാജുദ്ദീന് പതിവായിരുന്നു.കയർ തൊഴിലാളികളുടെ ഉച്ചയൂണ് കണ്ടു വരുന്ന ദിവസം പരാതിയും പരിഭവവുമില്ലാതെ സിറാജുദ്ദീൻ നിശബ്ദമായി ആഹാരം കഴിക്കും.
കാരുണ്യവും വക്കീൽ പഠനവും
കണിയാപുരം മുസ്ലീം ഹൈസ്കൂൾ അന്നത്തെ ഏറ്റവും വലിയ സ്കൂളും മൂന്ന് പഞ്ചായത്തുകളിലുള്ള കുട്ടികളുടെ പഠന കേന്ദ്രവുമായിരുന്നു.സിറാജുദ്ദീന്റെ പല സഹപാഠികളും പിതാവിന് കീഴിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ മക്കളാണ്.ആരോരുമറിയാതെ അവരെ സഹായിച്ചു കൊണ്ടാണ് സിറാജുദ്ദീന്റെ കാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയത്.മികച്ച മാർക്കോടെ പത്താം തരം പാസായ സിറാജുദ്ദീൻ പ്രീഡിഗ്രിക്ക് ചേർന്നത് തുമ്പ സെന്റ് സേവിയേഴ്സ് കോളേജിലാണ്.കോളേജിലെ പ്രിൻസിപ്പലായിരുന്ന ഐക്കരച്ചൻ സിറാജുദ്ദീന് മാതൃകയായി മാറി.കോളേജിലെ ഓരോ കുട്ടിയേയും ഐക്കരച്ചൻ സസൂക്ഷ്മം നിരീക്ഷിക്കുമായിരുന്നു.അതിൽ ഏറ്റവും നിർദ്ധനരായ കുട്ടികളെ രഹസ്യമായി വിളിച്ച് അവർക്ക് ആഹാരമായും പുസ്തകമായും പൈസയായും സഹായിക്കുമായിരുന്നു.സഹായം കിട്ടിയകൂട്ടുകാർ പറയുമ്പോഴാണ് മറ്റുള്ളവർ ഇതറിയുന്നത്.സിറാജുദ്ദീന് ഐക്കരച്ചൻ വലിയ പാഠമായി.ഒരു കൈ സഹായിക്കുന്നത് മറുകൈ അറിയരുതെന്ന വലിയ പാഠം.ദാനത്തെ കുറിച്ച് എല്ലാ മത പുസ്തകങ്ങളും പറയുന്നത് ഒന്നാണ് എന്ന വലിയ പാഠം.
വക്കീൽ ആകണമെന്നത് സിറാജുദ്ദീന് കുട്ടിക്കാലത്തേ തോന്നിയ മോഹമാണ്.യൂണിവേഴ്സിറ്റി കോളേജിൽ ബോട്ടണിയാണ് പഠിച്ചതെങ്കിലും ബിരുദം കഴിഞ്ഞപ്പോൾ നിയമം പഠിക്കാൻ തീരുമാനിച്ചു.അതിനൊരു കാരണമുണ്ടായിരുന്നു.സിനിമകളിലെ നായകൻമാരുടെ വക്കീൽ വേഷങ്ങൾ ആവേശത്തോടെയാണ് കണ്ടിരുന്നത്.കോടതി മുറികളിൽ ചടുലമായ സംഭാഷണത്തോടെ വാദിക്കുന്ന വക്കീലൻമാരെ വെള്ളിത്തിരയിൽ കാണുമ്പോഴൊക്കെ ജീവിതത്തിൽ പകർത്തണമെന്ന് സിറാജുദ്ദീൻ ആഗ്രഹിച്ചിരുന്നു.ഒപ്പംജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിയമസഹായവും ഒരു ഘടകമാണെന്ന് തിരിച്ചറിയുകയും ചെയ്തതു കൊണ്ടാണ് സിറാജുദ്ദീൻ അഡ്വക്കേറ്റ് സിറാജുദ്ദീനായി മാറിയത്.
കോടതിയിൽ നിന്നും പ്രവാസത്തിലേക്ക്
അഡ്വ.സിറാജുദ്ദീൻ നാല് വർഷത്തോളം കോടതിയിൽ പോയി.പഠിക്കുമ്പോഴേ കച്ചവടത്തിലും താല്പര്യമുണ്ടായിരുന്നതു കൊണ്ട് കടൽ കടക്കാൻ തീരുമാനിച്ചു. ഒരു മിനറൽ വാട്ടർ കമ്പനിയുടെ സെയിൽസ് മാനേജറായി ജോലി നോക്കിയതിനാൽ യു.എ.ഇ മുഴുവൻ സഞ്ചരിക്കാനും തൊഴിൽ സാദ്ധ്യതകളും വ്യവസായ സാഹചര്യങ്ങളും പഠിക്കാൻ കഴിഞ്ഞു.ഒരു ബന്ധുവിന്റെ അബുദാബിയിലുള്ള സ്വർണ്ണക്കടയുടെ മാനേജരായ സിറാജുദ്ദീനെ പിന്നീട് കട നടത്താൻ ഏൽപ്പിച്ചിട്ട് അവർ നാട്ടിലേക്ക് വന്നു.സ്വർണ്ണക്കടയോടൊപ്പം കഠിനാദ്ധ്വാനിയായ സിറാജുദ്ദീൻ പെർഫെക്റ്റ് ജനറൽ ട്രേഡിംഗ് ഗ്രൂപ്പ് (പി.ജി.ടി ഗ്രൂപ്പ്) ആരംഭിച്ചു.
പി.ജി.ടി ഗ്രൂപ്പിന് കീഴിൽ അബുദാബിയിലും ദുബായിലുമായി നിരവധി സ്ഥാപനങ്ങൾ പടുത്തുയർത്തി.സത്യസന്ധതയും ആത്മാർത്ഥയും കൈമുതലായ പി.ജി.ടി ഗ്രൂപ്പ് ഐ .എസ് .ഒ സർട്ടിഫിക്കറ്റും നേടിയെടുത്തു.ആരോഗ്യ മേഖലയിലും സ്പെയർപാർട്സ് മേഖലയിലും ഉൾപ്പെടെ നിരവധി രംഗത്ത് യു.എ.ഇയിൽ അങ്ങോളമിങ്ങോളം ഇന്ന് പി.ജി.ടി ഗ്രൂപ്പ് സജീവമാണ്.വ്യവസായ സൗഹൃദാന്തരീക്ഷമുള്ള മണ്ണും മനസുമാണ് യു.എ.ഇയുടേത്.ചെയ്യുന്ന തൊഴിലിനോട് ആത്മാർത്ഥത ഉണ്ടെങ്കിൽ ഏതൊരാളിനും സാമ്പത്തികമായി വളരാൻ സാധിക്കുന്ന രാജ്യമാണ് യു. എ .ഇ എന്നാണ് 'ഗോൾഡൻ വിസ"യും സ്വന്തമാക്കിയ അഡ്വ.സിറാജുദ്ദീൻ പറയുന്നത്.ഖത്തറിലേക്കും വ്യവസായ സംരംഭങ്ങൾ തുടങ്ങിയ സിറാജുദ്ദീൻ തന്റെ സ്ഥാപനങ്ങളിൽ നിന്ന് കിട്ടുന്ന ലാഭത്തിന്റെ പത്തു ശതമാനം തൊഴിലാളികളുടെ ക്ഷേമത്തിനായി ഉപയോഗിക്കും.
ലാഭത്തിലൊരു വിഹിതം ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ മനുഷ്യൻ എന്ന പരിഗണനയിൽ മാത്രം സഹായിക്കുകയും ചെയ്യുന്നു.പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും രോഗികളുടെ ചികിത്സക്കുമാണ് കൂടുതൽ പ്രാധാന്യം കൊടുക്കുന്നത്.
തഹജൂദിന്റെ പുണ്യവും കരിച്ചാറയുടെ 'നന്മ"യും
പടച്ചവനോട് പാതിരാവിൽ പതം പറഞ്ഞു പ്രാർത്ഥിക്കുന്നതാണ് തഹജൂദ് നിസ്കാരം.അഡ്വ.സിറാജുദ്ദീന്റെ ഭാര്യ ഷംല വർഷങ്ങളോളമായി തഹജൂദ് നിസ്കാരം നടത്തുന്നു.ഓരോ ഇന്നലെകൾ സന്തോഷമാക്കിയതിനും നാളെകൾ സന്തോഷമാക്കാനും പടച്ചവനോട് പാതിരാവിൽ പ്രാർത്ഥിക്കുകയും പടച്ചവൻ തരുന്നതിൽ ഒരു വിഹിതം പാവപ്പെട്ടവന് കൊടുക്കാൻ സിറാജുദ്ദീനോട് പറയുകയും ചെയ്യും.ഷംലയുടെ തഹജൂദ് നിസ്കാരമാണ് സിറാജുദ്ദീന്റെ പുണ്യം.ഷംലയുടെ ആഗ്രഹം സാധിക്കാൻ കൂടിയാണ് കൂട്ടുകാർ തുടങ്ങിയ 'നന്മ" എന്ന കൂട്ടായ്മയിൽ സിറാജുദീനും ചേർന്നത്.കരിച്ചാറ നന്മ പലർക്കും പല തരത്തിലും പല വിധത്തിലും താങ്ങും തണലുമാണ്.ഒരു കൂട്ടായ്മക്ക് ചിന്തിക്കാൻ കഴിയുന്നതിനപ്പുറമാണ് കരിച്ചാറ 'നന്മ" ചെയ്തു കൊണ്ടിരിക്കുന്നത്.ഓരോ കുട്ടികളേയും പഠിപ്പിച്ചു സ്വയം പര്യാപ്തരാക്കുക എന്നതാണ് നന്മയുടെ ലക്ഷ്യം.സിറാജുദ്ദീന്റെ ജന്മനാടാണ് കരിച്ചാറ.സ്വന്തം നാടിനും നാട്ടുകാർക്കും നന്മ ചെയ്യാനുള്ള അവസരമുള്ളതു കൊണ്ടാണ് അഡ്വ.സിറാജുദ്ദീൻ കരിച്ചാറ നന്മയുടെ ചെയർമാൻ സ്ഥാനം ഏറ്റെടുത്തത്.
മണ്ണിന്റെ മണവും കൂരയെന്ന സ്വപ്നവും
വാടകവീട്ടിൽ ജനിച്ച് വാടകവീട്ടിൽ മരിക്കുന്ന ആയിരങ്ങൾ ഈ നാട്ടിലുണ്ട്.അവർക്ക് സ്വന്തമായി ഒരു പിടി മണ്ണും ആ മണ്ണിലൊരു കൂരയും സ്വപ്നം മാത്രമായിരിക്കും.ഒരുപിടി മണ്ണും കൂരയും സ്വപ്നം മാത്രമായി കരുതിയിരുന്ന 23 പേർക്ക് ഒന്നിച്ചാണ് അഡ്വ.സിറാജുദ്ദീൻ മൂന്ന് സെന്റ് വീതം കൊടുത്തത്.സ്വന്തം ഭൂമിയുടെ പ്രമാണം നെഞ്ചിനോട് ചേർത്തു വെച്ചു കൊണ്ട് സന്തോഷക്കണ്ണീരൊഴുക്കിയ പാവങ്ങളുടെ സന്തോഷമാണ് അഡ്വ.സിറാജുദ്ദീന്റെ ആത്മസംതൃപ്തി.അവർക്ക് വെയിലും മഴയും മഞ്ഞുമേൽക്കാതെ സ്വസ്ഥമായി കിടന്നുറങ്ങാനൊരു കൂര കൂടി പണിയിക്കാനുള്ള ശ്രമത്തിലാണ് അഡ്വ.സിറാജുദ്ദീൻ.
പിതാവിന്റെ ഉപദേശങ്ങൾ
ജീവിത വഴിയിൽ ഓരോ ചുവട് വയ്ക്കുമ്പോഴും പിതാവിന്റെ ഉപദേശങ്ങൾ സിറാജുദ്ദീന്റെ ചെവികളിൽ മുഴങ്ങും.വ്യവസായിയായ പിതാവിന്റേയും വീട്ടമ്മയായ മാതാവിന്റേയും ആദർശങ്ങൾ സമരസപ്പെടുത്തിയാണ് അഡ്വ.സിറാജുദ്ദീൻ മുന്നോട്ട് പോകുന്നത്.അഡ്വ.സിറാജുദ്ദീന് കാരുണ്യം പ്രശസ്തി നേടാനുള്ള വഴിയില്ല.പിതാമഹൻമാരിലൂടെ പകർന്നു കിട്ടിയ പുണ്യമാണ്.കരുണ ചെയ്യുന്നത് കണ്ടും കേട്ടും വളർന്ന ഭാര്യയുടെ കരുതലാണ്. അദ്ധ്വാനത്തിന്റെ ഒരു വിഹിതം ദാനം ചെയ്യാനായി മാറ്റി വയ്ക്കും.സിറാജുദ്ദീനും ഷംലക്കും രണ്ട് മക്കളാണ്.മകൾ സാഹിനയും മകൻ സഹിനും.
സിറാജുദ്ദീൻ എന്ന അറബി വാക്കിന്റെ അർത്ഥം വിളക്ക്,പ്രകാശം എന്നൊക്കെയാണ്.അതുകൊണ്ടായിരിക്കാം അഡ്വ.സിറാജുദ്ദീന്റെ ജീവിതം നിസഹായതയുടെ ഇരുട്ടിൽ തപ്പുന്ന നിസഹായരുടെ മുന്നിൽ കാരുണ്യത്തിന്റെ വിളക്കും പ്രകാശവുമായി തെളിഞ്ഞു നിൽക്കുന്നത്.