liz-trus

ലണ്ടൻ: പുതിയ സാമ്പത്തിക നയങ്ങളുടെ പേരിൽ രാജ്യം പ്രതിസന്ധിയിലായിരിക്കെ ക്ഷമാപണവുമായി രംഗത്തെത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ്. ബ്രിട്ടൺ നേരിടുന്ന കടുത്ത സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്കു കാരണം തന്റെ പുതിയ സാമ്പത്തിക നയങ്ങളാണെന്നും അതിന് മാപ്പ് ചോദിക്കുന്നെന്നും പറഞ്ഞ ലിസ് ട്രസ് താൻ നേതൃസ്ഥാനത്ത് തുടരുമെന്നും വ്യക്തമാക്കി. പ്രധാനമന്ത്രി മൗനം പാലിക്കുന്നു എന്ന ആരോപണങ്ങൾ ബ്രിട്ടണിൽ ശക്തമാകുന്ന സാഹചര്യത്തിൽ ബി.ബി.സിയ്ക്കു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ. ഉത്തരവാദിത്തത്തങ്ങൾ ഏറ്രെടുക്കാനും ചെയ്ത തെറ്രുകൾക്ക് ക്ഷമ ചോദിക്കാനും താൻ ആഗ്രഹിക്കുന്നു. ഞങ്ങൾ വളരെ ദൂരവും വളരെ വേഗവും പോയിരിക്കുന്നു. രാജ്യത്തിനു വേണ്ടി പ്രവർത്തിക്കാൻ താൻ പ്രതിജ്ഞാബദ്ധമാണ്. താൻ ഇപ്പോഴും ഉയർന്ന വളർച്ചയും കുറഞ്ഞ നികുതിയുമുള്ള സമ്പദ്‌വ്യവസ്ഥയിലാണ് വിശ്വസിക്കുന്നതെന്നും എന്നാൽ പ്രധാനമന്ത്രി എന്ന നിലയിൽ സാമ്പത്തിക സ്ഥിരതയ്ക്കാണ് മുൻഗണന നൽകുന്നതെന്നും ലിസ് പറഞ്ഞു.
മുൻ ധനമന്ത്രി ക്വാസി ക്വാർടെംഗ് പ്രഖ്യാപിച്ച മിനി ബഡ്ജറ്റിനു പിന്നാലെ ബ്രിട്ടണിൽ വൻ സാമ്പത്തിക പ്രതിസന്ധിയാണുണ്ടായത്. പൗണ്ടിന്റെ മൂല്യം കുത്തനെ ഇടിയുകയും രാജ്യത്ത് വിലക്കയറ്റം വർദ്ധിക്കുകയും ചെയ്തു. പുതിയ നികുതി വെട്ടിക്കുറയ്ക്കൽ നയം രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയ്ക്ക് വെല്ലുവിളിയുയർത്തിയതോടെ ക്വാസി ക്വാർടെംഗിനെ മാറ്റി മുൻ വിദേശ കാര്യമന്ത്രി ജെറമി ഹണ്ടിനെ ധനമന്ത്രിയായി ലിസ് ട്രസ് പ്രഖ്യാപിച്ചു. പ്രതിസന്ധികൾക്കിടെ പുതിയ നികുതി വെട്ടിക്കുറയ്ക്കൽ നയം ജെറമി ഹണ്ട് പിൻവലിച്ചു. എന്നാൽ ഇതോടെ വിമർശനങ്ങൾ വർദ്ധിച്ചു. ലിസ് ട്രസിനെ മാറ്റി ജെറമി ഹണ്ടിനെ പ്രധാനമന്ത്രിയാക്കണമെന്ന ആവശ്യവുമായി കൺസർവേറ്രീവ് പാർട്ടി എം.പി റോജർ ഗെയിൽ രംഗത്തെത്തി.

ജെറമി ഹണ്ടിന്റെ നീക്കങ്ങൾ

നികുതി വെട്ടിക്കുറയ്ക്കൽ ഉൾപ്പെടെയുള്ള പുതിയ സാമ്പത്തിക നയങ്ങൾ ബ്രിട്ടീഷ് സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള നടപടികൾ എത്രയും പെട്ടെന്ന് നടപ്പാക്കാനുള്ള ശ്രമത്തിലാണ് ധനമന്ത്രി ജെറമി ഹണ്ട്. മുൻ ധനമന്ത്രിയുടെ നടപടികൾ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിച്ചെന്ന് അദ്ദേഹം തുറന്നു സമ്മതിച്ചിട്ടുണ്ട്. ഇതിൽ നിന്ന് രക്ഷ നേടാൻ സർക്കാരിന് പുറത്തു നിന്ന് നാല് വിദഗ്ദ്ധരെ ഉൾപ്പെടുത്തി ഒരു സാമ്പത്തിക ഉപദേശക സമിതി രൂപീകരിക്കും. സർക്കാർ 60 ബില്യൺ പൗണ്ട് നഷ്ടത്തിലാണെന്ന് സാമ്പത്തിക വിദഗ്ദ്ധർ കണക്കാക്കുന്നതിനിടെ പുതിയ നീക്കത്തോടെ പ്രതിവർഷം 32 ബില്യൺ പൗണ്ട് നേടാനാകുമെന്നാണ് ഹണ്ടിന്റെ കണക്കുകൂട്ടൽ. ചെലവു ചുരുക്കൽ ആവശ്യമായി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒരു സർക്കാരിനും കമ്പോളത്തെ നിയന്ത്രിക്കാൻ കഴിയില്ലെന്നും എന്നാൽ പൊതുധനകാര്യത്തിൽ ഉറപ്പു നൽകാനും സുരക്ഷിതമായ സാമ്പത്തിക വളർച്ചയ്ക്കു വേണ്ടി പ്രവർത്തിക്കാനും കഴിയുമെന്നും ഹണ്ട് വ്യക്തമാക്കി. പ്രധാനമന്ത്രി ലിസ് ട്രസുമായി ആലോചിച്ച് മൂന്ന് ആഴ്ച മുമ്പ് നടപ്പാക്കിയ നയങ്ങളെല്ലാം മാറ്രാൻ ധാരണയിലെത്തിയിട്ടുണ്ടെന്ന് ഹണ്ട് പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു.