
മുംബയ്: എൻ.സി.പി അദ്ധ്യക്ഷൻ ശരത് പവാറിനെയും ശിവസേന നേതാവ് ഉദ്ധവ് താക്കറെയും ഭാരത് ജോഡോ യാത്രയുടെ ഭാഗമാകാൻ ക്ഷണിച്ച് കോൺഗ്രസ്. ജോഡോ യാത്ര നവംബർ ഏഴിന് മഹാരാഷ്ട്രയിൽ പ്രവേശിക്കാനിരിക്കെയാണ് ക്ഷണം.
മഹാരാഷ്ട്രയിൽ കോൺഗ്രസിന്റെ ചുമതലയുള്ള എച്ച്.കെ പാട്ടീൽ, മുൻ മുഖ്യമന്ത്രി അശോക് ചവാൻ, സംസ്ഥാന മുൻ അദ്ധ്യക്ഷൻ ബാലാസാഹേബ് തൊറാട്ട്, മുംബയ് കോൺഗ്രസ് അദ്ധ്യക്ഷൻ ഭായ് ജഗ്താപ്, നേതാക്കളായ വിശ്വജിത് കദം, അമർ രാജൂർക്കർ, നസീം ഖാൻ, സന്ദീപ് താംബെ എന്നിവരടങ്ങുന്ന സംഘമാണ് പവാറിനെയും ഉദ്ധവിനെയും ക്ഷണിച്ചത്.
ഉദ്ധവിനെ അദ്ദേഹത്തിന്റെ വസതിയായ മാതോശ്രീയിലും പവാറിനെ യശ്വന്ത്രാവു ചവാൻ പ്രതിഷ്ഠാനിലുമാണ് നേതാക്കൾ സന്ദർശിച്ചത്. സെപ്തംബർ ഏഴിന് കന്യാകുമാരിയിൽ നിന്നാരംഭിത്ത ഭാരത് ജോഡോ യാത്ര തമിഴ്നാട്, കേരളം, കർണാടക എന്നീ സംസ്ഥാനങ്ങൾ പിന്നിട്ട് ഇപ്പോൾ ആന്ധ്രാപ്രദേശിൽ പര്യടനം നടത്തുകയാണ്.
 ശ്രീരാമനേക്കാൾ രാഹുൽ നടന്നെന്ന് ലാൽ മീണ
അയോധ്യയിൽ നിന്ന് ശ്രീലങ്കയിലേക്കുള്ള ശ്രീരാമൻ നടന്നതിനേക്കാൾ കൂടുതൽ രാഹുൽ ഗാന്ധി പദയാത്ര നടത്തിയെന്ന രാജസ്ഥാൻ മന്ത്രി പർസാദി ലാൽ മീണയുടെ പരാമർശത്തെ പിന്തുണച്ച് മഹാരാഷ്ട്ര കോൺഗ്രസ് അദ്ധ്യക്ഷൻ നാനാ പടോലെ. രാഹുലിന്റെ പദയാത്ര ചരിത്രപരമാകുമെന്നും പടോലെ പറഞ്ഞു. ശ്രീരാമൻ അയോധ്യയിൽ നിന്ന് ശ്രീലങ്കയിലേക്ക് കാൽനടയായി പോയിരുന്നു. രാഹുൽ ഗാന്ധി കന്യാകുമാരി മുതൽ കാശ്മീർ വരെ അതിനേക്കാളും കൂടുതൽ നടക്കുകയാണ്. രാഹുലിന്റെയും രാമന്റെയും പേരുകൾ 'ആർ" എന്ന ആക്ഷരത്തിൽ ആരംഭിക്കുന്നത് യാദൃശ്ചികമാണ്. എന്നാൽ കോൺഗ്രസ് രാഹുലിനെ ശ്രീരാമനുമായി താരതമ്യം ചെയ്യുന്നില്ലെന്നും പടോലെ പറഞ്ഞു.