
തിരുവനന്തപുരം; സംസ്ഥാനത്ത് നേരത്തെ വ്യാപകമായിരുന്ന അഴിമതിയെന്ന വിപത്ത് വലിയ തോതിൽ ഒഴിവാക്കാനായി എന്നതാണ് സംസ്ഥാനത്തിന്റെ നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . സംസ്ഥാന വിജിലൻസ് ആന്റി കറപ്ഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന അഴിമതി രഹിത കേരളം പദ്ധതിക്ക് തുടക്കം കുറിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിൽ നേതൃതലത്തിൽ പൂർണ്ണമായി അഴിമതി ഒഴിവാക്കാനായി എന്നതാണ് നാടിന്റെ വിജയം. എന്നാൽ വിവിധ തലങ്ങളിൽ ചില ഘട്ടങ്ങളിൽ ഉണ്ടാകുന്ന അഴിതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയാണ് സ്വീകരിക്കുന്നത്. നിയമനം, സ്ഥലംമാറ്റം എന്നിവയ്‌ക്കൊക്കെ വലിയ തോതിൽ അഴിമതി വ്യാപകമായിരുന്നു. എന്നാൽ അത്തരം കാര്യങ്ങൾ അവസാനിപ്പിക്കാനായി എന്നതാണ് അഭിമാനകരമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ശക്തമായ നിയമ നടപടി, നിശ്ചയ ദാർഢ്യത്തിലൂടെ പ്രവർത്തനം എന്നിവ വഴിയാണ് ഇത് സാധിച്ചത്. അതിനായി ഇനിയും വലിയ തോതിൽ ബോധവത്കരണം ആവശ്യമാണ്. അഴിമതിയെ തുറന്ന് കാട്ടാനും എതിർക്കാനും യുവ തലമുറ ശ്രദ്ധിക്കണം. ജീവിതത്തിന്റെ ഏതെങ്കിലും ഭാഗത്ത് അഴിമതിയെ പ്രോത്സാഹിപ്പിക്കുന്ന അവസ്ഥ വന്നാൽ, താൻ അതിന് തയ്യാറാവില്ലെന്ന ദൃഡനിശ്ചയം കുഞ്ഞുന്നാളിലെ ഉണ്ടാകണം. അത്തരത്തിലുള്ള അവബോധത്തിന് വേണ്ടിയാണ് വിജിലൻസ് ഇത്തരം പരിപാടി സംഘടിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏതൊരു നാടിന്റേയും സുസ്ഥിര വികസനത്തിന് അഴിമതി രഹിതമായ സംവിധാനം ആവശ്യമാണ്. ഈ കാഴ്ചപ്പാടോടെയാണ് കേരള സർക്കാർ ഭരണം നടത്തുന്നത്. അഴിമതിയെന്ന മഹാവിപത്തിനെ ഒരു പരിധി വരെ നേരിടാൻ സാധിച്ചു. രാജ്യത്ത് അഴിമതി ഏറ്റവും കുറവുള്ള സംസ്ഥാനം എന്ന പദവി നേടാനായിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഴിമതി പൂർണ്ണമായി തുടച്ച് നീക്കാൻ വിദ്യാർത്ഥി യുവജനങ്ങളുടെ സജീവ പങ്കാളിത്തം ആവശ്യമാണ്, ഇക്കാര്യത്തിൽ വിദ്യാർത്ഥികൾ നല്ല രീതിയിൽ പങ്ക് വഹിക്കണം, അതോടൊപ്പം അഴിമതിയെപ്പോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് മയക്കുമരുന്ന് . സംസ്ഥാനത്ത് മയക്ക് മരുന്ന് വ്യാപനം പൂർണമായി ഇല്ലായ്മ ചെയ്യണം. മയക്ക് മരുന്നിന് അടിമപ്പെടുന്ന ആളുകൾ സാധാരണ മനുഷ്യ വികാരങ്ങളിൽ നിന്നും മാറി പോകുന്നു. ശരിയും തെറ്റും തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമാണ്. മയക്കു മരുന്ന് വിപത്ത് നാടിനെ തന്നെ വലിയ തോതിൽ തകർക്കുന്ന ഒന്നായി തീരുന്നു. ഇതിനെതിരെ അതി വിപുലമായ ഒരു ക്യാമ്പയിനാണ് നാട്ടിൽ തുടക്കം കുറിച്ചത്. അതിൽ വിദ്യാർത്ഥികൾ ,അധ്യാപകർ , രക്ഷിതാക്കൽ നാട്ടുകാർ ഒക്കെ അണി നിരക്കുന്നു. നവംബർ 1 ന് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുകയും മനുഷ്യ ചങ്ങല തീർക്കുകയും ചെയ്യും. ഇതിൽ എല്ലാവരും പങ്കാളികളാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കടകംപള്ളി സരേന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു, വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐപിഎസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ മേജർ ആർച്ച് ബിഷപ്പ് മാർ ബസേലിയോസ് കാതോലിക്കാബാവ മുഖ്യപ്രഭാഷണം നടത്തി. അഴിമതിക്കെതിരെ മുഖ്യമന്ത്രി തെളിയിച്ച തിരിനാളം സംസ്ഥാനത്തുടനീളം ജ്വലിച്ച് നിൽക്കട്ടെയെന്ന് കാതോലിക്കാബാവ ആശംസിച്ചു.
സിനിമാ താരം നിവിൻ പോളി മുഖ്യാതിഥിയായിരുന്നു. അഴിമതിയില്ലാത്ത നാട് സ്വപ്നമാണെന്നും , സർക്കാർ നടത്തുന്ന ഇത്തരം പരിപാടികൾക്ക് തന്റെ പൂർണ പിൻതുണ ഉണ്ടെന്നും നിവിൻ പോളി വ്യക്തമാക്കി. അതോടൊപ്പം സമൂഹത്തെ കാർന്ന് തിന്നുന്ന വിപത്തായ മയക്കുമരുത്തിനെതിരെ എല്ലാവരും പൊതുതരണമെന്നും ഇതിനൊക്കെ കേരളം മാതൃകയാകട്ടെയെന്നും നിവിൻ പോളി ആശംസിച്ചു.
വിജിലൻസ് ഐജി എച്ച് . വെങ്കിടേഷ് ഐപിഎസ്, എസ്.പി ഇ.എസ് ബിജമോൻ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ അഴിമതിക്കെതിരെ നടപ്പാക്കുന്ന ലഘു നാടകത്തിന്റെ ഉദ്ഘാടനവും നിവിൻ പോളി നിർവഹിച്ചു.
പരിപാടിയോട് അനുബന്ധിച്ച് അഴിമതിക്കെതിരെ വിജിലൻസ് വിഭാഗം തയ്യാറാക്കിയ ബോധവത്കരണ നാടകവും അവതരിപ്പിച്ചു. കൂടാതെ
ഒക്ടോബർ 31 മുതൽ നവംബർ 5 വരെ സ്‌കൂളുകൾ, റെസിഡൻസ് അസോസിയേഷനുകൾ , സർക്കാർ സ്ഥാപനങ്ങൾ എന്നിവടങ്ങളിലായി വിജിലൻസ് ബോധവൽക്കരണവാരാചരണവും നടത്തും.