jayanth

മുംബയ്: നാണയപ്പെരുപ്പം നിയന്ത്രിക്കാനായി അടിസ്ഥാന പലിശനിരക്ക് ഇനിയും കൂട്ടേണ്ടതില്ലെന്ന അഭിപ്രായവുമായി ധനനയ നിർണയസമിതിയിലെ (എം.പി.സി)​ സ്വതന്ത്ര അംഗവും മലയാളിയുമായ ജയന്ത് ആർ.വർമ്മ. ബ്ളൂംബെർഗ്,​ റോയിട്ടേഴ്‌സ് എന്നിവയ്ക്ക് നൽകിയ അഭിമുഖ്യത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

റീട്ടെയിൽ നാണയപ്പെരുപ്പം 4-6 ശതമാനത്തിനുള്ളിൽ നിയന്ത്രിക്കുകയാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യം. ഇതിനായി കഴിഞ്ഞ മേയ് മുതൽ ഇതുവരെ റിപ്പോനിരക്ക് എം.പി.സി 1.9 ശതമാനം ഉയർത്തി. നിലവിൽ റിപ്പോനിരക്ക് 5.9 ശതമാനമാണ്. നാണയപ്പെരുപ്പ നിയന്ത്രണലക്ഷ്യം കാണാൻ റിപ്പോ 6 ശതമാനത്തിനടുത്ത് തുടരുന്നതാണ് അഭികാമ്യം. ഇനിയും പലിശനിരക്ക് ഉയർത്തുന്നത് ജി.ഡി.പിയുടെ കരകയറ്റത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞമാസം നാണയപ്പെരുപ്പം 7 ശതമാനത്തിൽ നിന്ന് 7.41 ശതമാനമായി കുതിച്ചുയർന്നിരുന്നു. ഈ സാഹചര്യത്തിൽ ഡിസംബറിലെ എം.പി.സി യോഗത്തിലും പലിശനിരക്ക് കൂട്ടുമെന്ന വിലയിരുത്തൽ ശക്തമാണ്.