
ലണ്ടൻ : ഈ വർഷത്തെ ബുക്കർ പുരസ്കാരം ശ്രീലങ്കൻ എഴുത്തുകാരൻ ഷെഹാൻ കരുണതിലകെയ്ക്ക്. ' ദി സെവൻ മൂൺസ് ഒഫ് മാലി അൽമേഡ ' എന്ന പുസ്തകത്തിനാണ് പുരസ്കാരം ലഭിച്ചത്. ലണ്ടനിൽ തിങ്കളാഴ്ച രാത്രി നടന്ന ചടങ്ങിൽ ക്വീൻ കൺസോർട്ട് കാമിലയിൽ നിന്ന് ഷെഹാൻ പുരസ്കാരം ഏറ്റുവാങ്ങി. പുരസ്കാരവും 50,000 പൗണ്ടുമാണ് സമ്മാനം.
1990 ലെ ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ നോവലാണ് ദി സെവൻ മൂൺസ് ഒഫ് മാലി അൽമേഡ. കൊല്ലപ്പെട്ട യുദ്ധ ഫോട്ടോഗ്രാഫർ മാലി അൽമേഡയുടെ ആത്മാവാണ് നോവലിലെ പ്രധാന കഥാപാത്രം. ഏഴ് രാത്രികളിലെ മരണാനന്തര ജീവിതത്തിലുടെ രാജ്യത്തെ പോരാട്ടത്തിന്റെ ക്രൂരത കാണിക്കുന്ന ഫോട്ടോകളിലേക്ക് തന്റെ പ്രിയപ്പെട്ടവരെ എത്തിക്കാൻ മാലി നടത്തുന്ന പോരാട്ടമാണ് നോവലിന്റെ ഇതിവൃത്തം. 2011 ൽ പുറത്തിറങ്ങിയ 'ചെെനമാൻ : ദി ലജൻഡ് ഒഫ് പ്രദീപ് മാത്യു 'വാണ് ഷെഹാന്റെ ആദ്യ നോവൽ. 10 വർഷങ്ങൾ കഴിഞ്ഞ് അദ്ദേഹം രചിച്ച രണ്ടാമത്തെ നോവലിനാണ് ' ദി സെവൻ മൂൺസ് ഒഫ് മാലി അൽമേഡ '. ഇത്തവണ ആറ് പേരായിരുന്നു ഫെെനൽ റൗണ്ടിൽ എത്തിയത് .