
റോജർ ബിന്നി ബി.സി.സി.ഐ പ്രസിഡന്റ്
സൗരവ് ഗാംഗുലി ചുമതലയൊഴിഞ്ഞു
ജയ് ഷാ സെക്രട്ടറിയായി തുടരും
മുംബയ്: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബി.സി.സി.ഐ) 36-ാമത് പ്രസിഡന്റായി മുൻ താരം റോജർ ബിന്നി ചുമതലയേറ്റു. ഇന്നലെ മുംബയിൽ നടന്ന ബി.സി.സി.ഐയുടെ ആനുവൽ ജനറൽ മീറ്റിംഗിലാണ് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയിൽ നിന്ന് ബിന്നി അദ്ധ്യക്ഷ പദവി ഏറ്റെടുത്തത്. ബി.ജെ.പി നേതൃത്വത്തിന് അനഭിമിതനായതോടെയാണ് ഗാംഗുലിക്ക് രണ്ടാം ടേം അനുവദിക്കാതിരുന്നതെന്നാണ് വിവരം. അതേസമയം സെക്രട്ടറിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജയ് ഷാ തുടരും. ബിന്നിയ്ക്കും ജയ് ഷായ്ക്കുമൊപ്പം അവർ ഉൾപ്പെട്ട പാനലിലെ എല്ലാവരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മുൻ ട്രഷറർ അരുൺ ധൂമലാണ് പുതിയ ഐ.പി.എൽ ചെയർമാൻ. പുതിയ ട്രഷറർ ബി.ജെ.പി എം.എൽ.എ കൂടിയായ ആശിഷ് ഷേലറാണ്.
നിലവിൽ കർണാടക ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റാണ് 67കാരനായ ബിന്നി. 1983ലെ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലെ പ്രധാന അംഗമായിരുന്നു ഓൾറൗണ്ടായിരുന്ന ബിന്നി. ആ ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്തതും ബിന്നിയായിരുന്നു. 18 വിക്കറ്റുകളാണ് അദ്ദേഹം സ്വന്തമാക്കിയത്.
അതേസമയം ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ചെയർമാൻ സ്ഥാനത്തേക്ക് ബി.സി.സി.ഐയിൽ നിന്ന് പ്രതിനിധികളെ അയക്കുന്നത് സംബന്ധിച്ച് ഒരു ചർച്ചയും യോഗത്തിൽ ഉണ്ടായില്ലെന്നാണ് വിവരം. ഈ മാസം 20നാണ് ഐ.സി.സി ചെയർമാൻ സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി.
ദാദയെ വെട്ടിനിരത്തി
ബി.സി.സി.ഐ അദ്ധ്യക്ഷ സ്ഥാനത്ത് ഒരു ടേം കൂടി തുടരാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും ബി.ജെ.പി നേതൃത്വത്തിന് താത്പര്യമില്ലാതെ വന്നതോടെ സൗരവ് ഗാംഗുലിക്ക് പുറത്തേക്ക് വഴിതെളിയുകയായിരുന്നു. 2019ലാണ് ഗാംഗുലി ബി.സി.സി.ഐയുടെ അദ്ധ്യക്ഷനായി ചുതലയേൽക്കുന്നത്. തുടക്കത്തിൽ ബി.ജെ.പി നേതൃത്വവും ജയ് ഷായുമായും ഗാംഗുലി നല്ല ബന്ധത്തിൽ ആയിരുന്നെങ്കിലും കുറച്ചു നാളായി കാര്യങ്ങൾ അത്ര സുഖകരമായിരുന്നില്ല. വലിയ ജനപ്രീതിയുള്ള ഗാംഗുലിയെ ബംഗാളിൽ ബി.ജെ.പിയടെ മുഖമാക്കി ഉയർത്തിക്കൊണ്ടുവരാൻ അവരുടെ കേന്ദ്ര നേതൃത്വത്തിന് താത്പര്യമുണ്ടായിരുന്നു. അമിത് ഷാ ഗാംഗുലിയുടെ കൊൽക്കത്തയിലെ വീട് സന്ദർശിക്കുക പോലും ചെയ്തു. എന്നാൽ പിന്നീട് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായി ഗാംഗുലി കൂടുതൽ അടുത്തതോടെ ബി.ജെ.പിക്ക് ദാദ അനഭിമിതനാവുകയായിരുന്നു.
15ന് ഒരുകേന്ദ്ര മന്ത്രിയുടെ സാന്നിധ്യത്തിൽ ഡൽഹിയിൽ ചേർന്ന യോഗത്തിൽ ഗാംഗുലി ബി.സി.സി.ഐ പ്രസിഡന്റെന്ന നിലയിൽ പരാജയമായിരുന്നെന്ന അഭിപ്രായമാണ് ഉയർന്നത്. അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഒരുടേം കൂടി തുടരാൻ ആഗ്രഹമുണ്ടെന്ന് ഗാംഗുലി അറിയിച്ചെങ്കിലും ഐ.പി.എൽ ചെയർമാൻ പദവിയായിരുന്നു വാഗ്ദാനം ചെയ്തത്.ഇത് തരംതാഴ്ത്തലാണെന്ന് മനസിലാക്കി ഗാംഗുലി ആ വാഗ്ദാനം നിരസിക്കുകയായിരുന്നു. ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ആകാനുള്ള നീക്കത്തിലാണ് ഗാംഗുലി. ഐ.സി.സി ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കാൻ ആഗ്രഹമുണ്ടെങ്കിലും ബി.സി.സി.ഐ പിന്തുണയ്ക്കുമോയെന്ന് ഉറപ്പില്ല. ഇന്നലെ ആനുവൽ ജനറൽ മീറ്രിംഗിൽ പങ്കെടുത്ത ഗാംഗുലി ബിന്നി ഉൾപ്പെടെയുള്ള പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേർന്ന ശേഷമാണ് മടങ്ങിയത്.
കളിക്കാരുടെ പരിക്ക് വെല്ലുവിളി: ബിന്നി
ഇന്ത്യയുടെ പ്രധാന പേസർമാർക്ക് തുടർച്ചയായി പരിക്ക് പറ്റുന്നത് ആശങ്കാജനകമാണെന്നും ഇത് പരിഹിരിക്കാനുള്ള നടപടികൾ ഉടൻ തുടങ്ങുമെന്നും ബി.സി.സി.ഐ അദ്ധ്യക്ഷനായ ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ റോജർ ബിന്നി പറഞ്ഞു.  ബുംറയുടെ പരിക്ക് നമ്മുടെ ട്വന്റി-20 ലോകകപ്പ് പദ്ധതികളെയാകെ ബാധിച്ചു. ഇത്തരം സാഹചര്യങ്ങൾ ഇനിയുണ്ടാകരുത്. ആഭ്യന്തര തലത്തിൽ പിച്ചുകളുടെ നിലവാരം കൂട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബി.സി.സി.ഐ
ഭാരവാഹികൾ
റോജർ ബിന്നി (പ്രസിഡന്റ്), രാജീവ് ശുക്ല (വൈസ് പ്രസിഡന്റ്), ജയ് ഷാ (സെക്രട്ടറി), ആശിഷ് ഷേലർ (ട്രഷറർ), ദേവജിത്ത് സയികിയ (ജോയിന്റ് സെക്രട്ടറി). ഐ.പി.എൽ ചെയർമാൻ : അരുൺ ധൂമൽ.
ഇന്ത്യൻ ടീം
പാകിസ്ഥാനിൽ
പോകില്ല: ജയ് ഷാ
മുംബയ്: 2023ലെ ഏഷ്യാ കപ്പിനായി ഇന്ത്യൻ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കില്ലെന്ന് ജയ് ഷാ വ്യക്തമാക്കി.
എതിർപ്പുമായി റമീസ്
ഇന്ത്യൻ ടീം പാകിസ്ഥാനിലേക്ക് വരില്ലെങ്കിൽ ഇന്ത്യ വേദിയാകുന്ന ഏകദിന ലോകകപ്പിൽ പാകിസ്ഥാൻ പങ്കെടുക്കില്ലെന്ന് പി.സി.ബി ചെയർമാൻ റമീസ് രാജ അറിയിച്ചു.