
ലണ്ടൻ:ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തിന്റെ ക്രൂരതകളെ ഫാന്റസിയും ആക്ഷേപഹാസ്യവും കലർത്തി അനാവരണം ചെയ്യുന്ന ദ സെവൻ മൂൺസ് ഓഫ് മാലി അൽമീഡ എന്ന നോവലിന് ലങ്കൻ എഴുത്തുകാരനായ ഷെഹാൻ കരുണതിലകയ്‌ക്ക് ( 47 ) ബുക്കർ സമ്മാനം. 50,000 പൗണ്ടാണ് ( 47ലക്ഷം രൂപ )സമ്മാനത്തുക.
സൂപ്പർനാച്ച്വറൽ ത്രില്ലർ ഗണത്തിൽ പെടുന്ന നോവലാണിത്.
കൊല്ലപ്പെട്ട സ്വർഗ്ഗത്തെത്തിയ മാലി അൽമീഡ എന്ന ഫോട്ടോഗ്രാഫർ താൻ സ്നേഹിച്ച ഉറ്റവരെ ഏഴ് ചന്ദ്രന്മാരിലൂടെ ലങ്കൻ ആഭ്യന്തര യുദ്ധത്തിന്റെ കെടുതികൾ വെളിവാക്കുന്ന ചിത്രങ്ങളുടെ രഹസ്യ കലവറയിലേക്ക് നയിക്കുന്നതാണ് പുസ്തകത്തിന്റെ പ്രമേയം. വായനക്കാരെ ജീവിതത്തിനും മരണത്തിനും ഇടയിലൂടെ ലോകത്തിന്റെ ഇരുണ്ട ഹൃദയത്തിലേക്ക് നയിക്കുന്ന പുസ്തകം എന്നാണ് ജൂറി വിലയിരുത്തിയത്.
കരുണതിലകയുടെ രണ്ടാമത്തെ നോവലാണിത്. 2011ൽ പ്രസിദ്ധീകരിച്ച ചൈനാമാൻ എന്ന ആദ്യകൃതിക്ക് കോമൺവെൽത്ത് പുരസ്കാരം ലഭിച്ചിരുന്നു. 1992ൽ ദ ഇംഗ്ലീഷ് പേഷ്യന്റ് എന്ന നോവലിന് ബുക്കർ നേടിയ മൈക്കേൽ ഓൺഡാത്‌ജെക്ക് ശേഷം ഈ പുരസ്കാരം നേടുന്ന ലങ്കൻ എഴുത്തുകാരനാണ് കരുണതിലകെ.
തിങ്കളാഴ്‌ച ലണ്ടനിൽ നടന്ന ചടങ്ങിൽ കരുണതിലകയ്‌ക്ക് ബ്രിട്ടീഷ് രാജ്ഞി കാമില ഉപഹാരം സമ്മാനിച്ചു