cmo

തിരുവനന്തപുരം: യൂറോപ്യൻയാത്ര കൊണ്ട് ലക്ഷ്യമിട്ടതിനെക്കാൾ ഗുണം കേരളത്തിനുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ. പഠനഗവേഷണം മുതൽ നിക്ഷേപകരെ ആകർഷിക്കുന്നതുവരെ യാത്രയിലൂടെ ലക്ഷ്യമിട്ടു. സംസ്ഥാനത്ത് വിദേശനിക്ഷേപം വരും. യാത്രയിലൂടെ പുതിയ പലകാര്യങ്ങളും പഠിക്കാനും വിദേശത്ത് നിന്നും സംസ്ഥാനത്തേക്ക് വലിയ നിക്ഷേപങ്ങൾ ഉറപ്പാക്കാനും സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ നിന്നും മറ്റുമായി കൂടുതൽ പേർക്ക് യൂറോപിൽ തൊഴിലവസരം ഒരുക്കാനും പ്രവാസിക്ഷേമത്തിനും സാധിച്ചു. ഇക്കാര്യങ്ങളിൽ പ്രതീക്ഷിച്ചതിലും കവിഞ്ഞ നേട്ടമുണ്ടാക്കാനായതായി മുഖ്യമന്ത്രി പറഞ്ഞു.

ഫിൻലൻഡ്, നോർവെ, യുകെ എന്നിവിടങ്ങളിലാണ് ഔദ്യോഗിക സംഘം സന്ദർശിച്ചത്. ലോക കേരളസഭയുടെ യൂറോപ്യൻ-യുകെ മേഖലാ സമ്മേളനത്തിൽ ഒക്‌ടോബർ ഒൻപതിന് പങ്കെടുത്തു. പത്ത് യൂറോപ്യൻ രാജ്യങ്ങളുടെ പ്രാതിനിധ്യമുണ്ടായി. ആരോഗ്യമേഖലയിൽ പ്രൊഫഷണലുകളുടെ കുടിയേറ്റം ഈ രാജ്യങ്ങളിലേക്ക് സാദ്ധ്യമാക്കാൻ നോർക്ക വഴി അവസരമൊരുക്കും. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരം ഇതിനുണ്ട്.

3000 ഒഴിവുകളിലേക്ക് അടുത്തമാസം മലയാളികൾക്ക് അവസരമൊരുക്കും. നഴ്‌സിംഗ് പ്രൊഫഷണലുകൾക്ക് കൂടാതെ മറ്റ് മേഖലയിലെ പ്രൊഫഷണലുകൾക്കും യുകെയിൽ കുടിയേറ്റം സാദ്ധ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിസാ തട്ടിപ്പ്, മനുഷ്യതട്ടിപ്പ് ഇവ തടയാൻ ഓപ്പറേഷൻ ശുഭയാത്ര എന്ന പ്രത്യേക പദ്ധതി സംസ്ഥാനത്ത് ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊച്ചിയിലെ ഗിഫ്‌റ്റ് സിറ്റിയിൽ വെയിൽസിലെ നിക്ഷേപക വാഗ്‌ദ്ധാനം ലഭിച്ചു. പ്രകൃതി ദുരന്തം തടയാനും മത്സ്യബന്ധന മേഖലയ്‌ക്കും നോർവെയുടെ സഹായം വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.