heavy-rain

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ. ജില്ലയിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് ലക്കിടിയിലുള്ള ചുരം കവാടത്തിന് സമീപം ഇന്ന് ഉച്ചയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. വലിയ കല്ലുകളും മരങ്ങളും അടക്കം ചുരം റോഡിലേയ്ക്ക് ഒലിച്ചിറങ്ങിയെങ്കിലും ആ സമയത്ത് വാഹനങ്ങൾ കടന്നു പോകാത്തത് കൊണ്ട് വലിയ അപകടം ഒഴിവായി. മണ്ണിടിച്ചിനെ തുടർന്ന് ചുരം റോഡിലൂടെയുള്ല ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ജെ സി ബി ഉപയോഗിച്ച് കല്ലും മണ്ണും ദേശീയ പാതയിൽ നിന്നും നീക്കം ചെയ്താണ് ഗതാഗതം പുനസ്ഥാപിച്ചത്.. മണ്ണിടിച്ചിൽ സാദ്ധ്യത നിലനിൽക്കുന്നതിനാൽ ചുരം വഴി കടന്നു പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

അതേസമയം സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. ഇന്നലെ രാത്രി മുതൽ ആരംഭിച്ച മഴ നിർത്താതെ തുടരുന്നതിനാൽ പല താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. കേരളത്തിൽ ഇടമലയാറ്റിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി 48 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി മാറും. ന്യൂനമർദ്ദം ശക്തിപ്പെട്ട് ചുഴലിക്കാറ്റ് രൂപപ്പെടാൻ സാദ്ധ്യതയുളളതിനാൽ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴയെ തുടർന്ന് 10 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്.