
ന്യൂഡൽഹി: രാജസ്ഥാനിൽ സഹോദരങ്ങളായ രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ. ഒരു കുട്ടി അക്രമികളിൽ നിന്ന് രക്ഷപ്പെട്ടു. രാജസ്ഥാനിലെ അൽവാറിൽ നിന്ന് തട്ടിക്കൊണ്ടു പോയ അമൻ (13), വിപിൻ (എട്ട്) എന്നിവരുടെ മൃതദേഹങ്ങളാണ് ഡൽഹിയിലെ മെഹ്‌റോലി പ്രദേശത്തെ വനത്തിൽ നിന്ന് പൊലീസ് കണ്ടെത്തിയത്. ഇവരുടെ ഇളയ സഹോദരനായ ശിവയെ (ആറ്) പൊലീസാണ് രക്ഷിച്ചത്. സംഭവത്തിൽ ബിഹാർ സ്വദേശികളായ മഹാവീർ, മാഞ്ജി എന്നിവരാണ് അറസ്റ്റിലായത്.
ഇവർ അൽവാറിലെ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് സമീപമാണ് താമസിച്ചിരുന്നത്.
ഒക്ടോബർ 15നാണ് വിമാനം കാണിച്ചു കൊടുക്കാമെന്ന് പറഞ്ഞ് രാജസ്ഥാനിലെ അൽവാറിൽ നിന്ന് സഹോദരങ്ങളെ ഡൽഹിയിലേക്ക് തട്ടിക്കൊണ്ടു പോയത്. തുടർന്ന് ഇവരുടെ പിതാവ് ഗ്യാൻ സിംഗിനെ വിളിച്ച് 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടർന്നുള്ള പൊലീസ് അന്വേഷണത്തിലാണ് രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. മൂന്നു കുട്ടികളുടെയും കഴുത്ത് ഞെരിക്കുകയായിരുന്നു. തുടർന്ന് മരിച്ചെന്ന് കരുതി മൂന്നുപേരെയും അക്രമികൾ വനത്തിലുപേക്ഷിച്ച് കടക്കുകയായിരുന്നു.
പ്രതികൾ മയക്കുമരുന്നിന് അടിമകളാണെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായി.