
വിജയവാഡ ( ആന്ധ്ര ):ദേശീയകൗൺസിലിലെ കേരള പ്രാതിനിദ്ധ്യം സംസ്ഥാന ഔദ്യോഗിക നേതൃത്വത്തിന്റെ ആധിപത്യമുറപ്പിക്കുന്നതാണ്. രാജ്യസഭാംഗങ്ങളായ ബിനോയ് വിശ്വവും പി. സന്തോഷും അഖിലേന്ത്യാ സെന്ററിന്റെ ക്വോട്ടയിലാണ് ദേശീയ നേതൃത്വത്തിലെത്തിയത്. ബിനോയ് കേന്ദ്ര സെക്രട്ടേറിയറ്റംഗമായി തുടരും. ബിനോയിക്ക് പുറമേ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനും കേന്ദ്ര സെക്രട്ടേറിയറ്റിൽ തുടരും.
എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറിയായിരിക്കെ കൊല്ലത്ത് വച്ച് ദേശീയ കൗൺസിലിൽ കാൻഡിഡേറ്റംഗമായ മഹേഷ് കക്കത്ത് ആ പദവി ഒഴിഞ്ഞതിനാൽ ദേശീയ കൗൺസിലിൽ നിന്ന് ഒഴിവായി. പകരം എ.ഐ.വൈ.എഫിന്റെ പുതിയ സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോൻ കാൻഡിഡേറ്റംഗമായി.
മുൻമന്ത്രി വി.എസ്. സുനിൽകുമാറിന്റെ പേര് കേരള പ്രതിനിധികളുടെ ഗ്രൂപ്പ് യോഗത്തിലുയർന്നെങ്കിലും അദ്ദേഹം സ്വയം പിന്മാറി. ഔദ്യോഗികപാനലിൽ സുനിലിനെ ഉൾപ്പെടുത്തിയിരുന്നില്ല.
പ്രായ നിബന്ധനയിൽ ദേശീയ കൗൺസിലിൽ നിന്ന് എൻ. അനിരുദ്ധനും ഒഴിവാക്കപ്പെട്ടപ്പോൾ മറ്റ് കാരണങ്ങളാൽ സി.എൻ. ജയദേവൻ, എൻ. രാജൻ, ടി.വി. ബാലൻ എന്നിവരും ഒഴിവായി. ഇസ്മായിലിനും പന്ന്യനും വെറ്ററൻ പരിഗണന നൽകി ഏതെങ്കിലും ഘടകത്തിൽ പിന്നീട് ക്ഷണിതാക്കളാക്കിയേക്കും. ഇസ്മായിലിന്റെ ഒഴിവിലേക്കാണ് കെ. പ്രകാശ് ബാബു എക്സിക്യൂട്ടീവിലെത്തിയത്. കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാനെന്ന നിലയിലായിരുന്നു ദേശീയ എക്സിക്യൂട്ടീവിൽ പന്ന്യൻ രവീന്ദ്രൻ എക്സ് ഒഫിഷ്യോ അംഗമായിരുന്നത്. അദ്ദേഹത്തിന് പകരം പി. രാമേന്ദ്രകുമാർ പുതിയ കൺട്രോൾ കമ്മിഷൻ അദ്ധ്യക്ഷനായി. അന്തരിച്ച സി.എ. കുര്യന്റെ ഒഴിവിൽ കേരളത്തിൽ നിന്ന് സത്യൻ മൊകേരി കൺട്രോൾ കമ്മിഷനിലെത്തി.
പാർട്ടി കോൺഗ്രസിലൂടെ
രാജ ആദ്യം
കഴിഞ്ഞ പാർട്ടി കോൺഗ്രസിന് ശേഷം 2019ൽ ജനറൽ സെക്രട്ടറിയായ ഡി. രാജയ്‌ക്ക് ഇത് തുടർച്ചയാണെങ്കിലും പാർട്ടി കോൺഗ്രസിലൂടെ സ്ഥാനത്തെത്തുന്നത് ഇതാദ്യം. പുതിയ ദേശീയ കൗൺസിൽ യോഗത്തിൽ രാജയുടെ പേര് കേന്ദ്ര സെക്രട്ടേറിയറ്റംഗം ഡോ.കെ. നാരായണ നിർദ്ദേശിച്ചപ്പോൾ ഏകകണ്ഠമായി പിന്തുണയ്ക്കുകയായിരുന്നു. കൊല്ലം പാർട്ടി കോൺഗ്രസിൽ എസ്. സുധാകർ റെഡ്ഢിയാണ് ജനറൽസെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. അനാരോഗ്യം മൂലം അദ്ദേഹം ഒഴിഞ്ഞപ്പോഴാണ് രാജ ജനറൽ സെക്രട്ടറിയായന്നത്. ഇന്ത്യയിലെ മുഖ്യധാരാ കമ്യൂണിസ്റ്റ് പാർട്ടികളുടെ തലപ്പത്തെത്തുന്ന ആദ്യ ദളിത് നേതാവാണ് രാജ. അദ്ദേഹത്തിന്റെ ഭാര്യ ആനി രാജ ദേശീയ എക്സിക്യൂട്ടീവംഗമായി തുടരും. മകൾ അപരാജിത രാജ ജെ.എൻ.യു വിദ്യാർത്ഥിയാണ്.
കേരളത്തിൽ നിന്നുള്ള ദേശീയ കൗൺസിൽ അംഗങ്ങൾ:
കാനം രാജേന്ദ്രൻ, കെ. പ്രകാശ് ബാബു, ഇ. ചന്ദ്രശേഖരൻ, കെ.പി. രാജേന്ദ്രൻ, ജെ. ചിഞ്ചുറാണി, അഡ്വ.പി. വസന്തം, രാജാജി മാത്യു തോമസ്, പി. പ്രസാദ്, കെ. രാജൻ, പി.പി. സുനീർ, ജി.ആർ. അനിൽ, ചിറ്റയം ഗോപകുമാർ, ടി.ടി. ജിസ്‌മോൻ (കാൻഡിഡേറ്റംഗം).
അഖിലേന്ത്യാ സെന്റർ ക്വോട്ടയിൽ: ബിനോയ് വിശ്വം, അഡ്വ.പി. സന്തോഷ്.
കേന്ദ്ര സെക്രട്ടേറിയറ്റംഗങ്ങൾ: ബിനോയ് വിശ്വം, കാനം രാജേന്ദ്രൻ.
കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങൾ: കെ. പ്രകാശ് ബാബു, പി. സന്തോഷ്.
കേന്ദ്ര കൺട്രോൾ കമ്മിഷൻ അംഗം: സത്യൻ മൊകേരി (ദേശീയ കൗൺസിലിൽ എക്സ് ഒഫിഷ്യോ)
 11 അംഗ സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ്:
ഡി. രാജ, കാനം രാജേന്ദ്രൻ, അതുൽ കുമാർ അൻജാൻ, അമർജിത് കൗർ, ഡോ.കെ. നാരായണ, ഡോ. ബാലചന്ദ്രകുമാർ കാംഗോ, ബിനോയ് വിശ്വം, പല്ലഭ് സെൻ ഗുപ്ത, രാമകൃഷ്ണ പാണ്ഡെ, സയ്യിദ് അസീസ് പാഷ, നാഗേന്ദ്രനാഥ് ഓഝ.
(അന്തരിച്ച ഷമിം ഫൈസിയുടെ ഒഴിവിന് പുറമേ എസ്. സുധാകർ റെഡ്ഢി, രാമേന്ദ്രകുമാർ എന്നിവരും ഒഴിവായി. പാണ്ഡെ, പാഷ, ഓഝ എന്നിവർ പുതുമുഖങ്ങൾ).