cricket

മുല്ലൻപുർ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി- 20 ടൂർണമെന്റിൽ കേരളത്തിന് തുടർച്ചയായ രണ്ടാം തോൽവി. ഇന്നലെ നടന്ന മത്സരത്തിൽ മഹാരാഷ്ട്രയോട് 40 റൺസിനാണ് കേരളം തോറ്റത്. ആദ്യം ബാറ്ര് ചെയ്ത മഹാരാഷ്ട്ര റുതുരാജ് ഗെയ്‌ക്‌വാദിന്റെ സെഞ്ച്വറിയുടെ പിൻബലത്തിൽ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തു. മറുപടിക്കിറങ്ങിയ കേരളത്തിന് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 128 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. അർദ്ധ സെഞ്ച്വറി നേടിയ രോഹൻ എസ്. കുന്നുമ്മലിന് മാത്രമാണ് (44 പന്തിൽ 58) കേരള ബാറ്റ‌ർമാരിൽ പിടിച്ചു നിൽക്കാനായുള്ളൂ. ക്യാപ്ടൻ സഞ്ജു സാംസൺ മൂന്ന് റൺസെടുത്ത് പുറത്തായി. സത്യജിത്ത് ബച്ചാവ് മഹാരാഷ്ട്രയ്ക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തേ റുതുരാജ് 68 പന്തിൽ 8 ഫോറും 7 സിക്സും ഉൾപ്പെടെയാണ് 114 റൺസ് നേടിയത്. കേരളത്തിനായി സിജോമോന ജോസഫ് മൂന്ന് വിക്കറ്റ് വീഴ്ത്തി.