muyeen

കോഴിക്കോട്: കുഞ്ഞാലിക്കുട്ടിയെയും ലീഗ് നേതൃത്വത്തെയും വെല്ലുവിളിച്ച് കോഴിക്കോട് മുസ്ലീംലീഗ് വിമത യോഗം. യോഗത്തിൽ പാണക്കാട് ഹൈദരലി തങ്ങളുടെ മകൻ മുഈൻ അലി ശിഹാബ് തങ്ങൾ പങ്കെടുത്തത് വിവാദമായി. അച്ചടക്ക ലംഘനത്തിന് ലീഗ് സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട കെ.എസ്.ഹംസ വിളിച്ചുചേർത്ത യോഗത്തിലാണ് മുഈൻ അലി പങ്കെടുത്തത്. മുഈൻ അലിയെ അദ്ധ്യക്ഷനാക്കി ഹൈദരലി തങ്ങളുടെ പേരിൽ ഫൗണ്ടേഷൻ രൂപീകരിക്കാനും യോഗം തീരുമാനിച്ചു.

എറണാകുളത്ത് നടന്ന മുസ്ലീംലീഗ് പ്രവർത്തക സമിതി യോഗത്തിൽ പി.കെ.കുഞ്ഞാലിക്കുട്ടിയെ രൂക്ഷമായി വിമർശിച്ചതിനു പിന്നാലെ മാദ്ധ്യമങ്ങൾക്ക് വാർത്ത ചോർത്തി നൽകിയെന്ന പേരിൽ ലീഗിൽ നിന്ന് സസ്‌പെൻഡ് ചെയ്ത വ്യക്തിയാണ് കെ.എസ്.ഹംസ. ഒരു വിഭാഗം നേതാക്കളെയും വിവിധ ഘട്ടങ്ങളിൽ പാർട്ടി നടപടിക്ക് വിധേയരായവരെയും അസംതൃപ്തരെയും ഒപ്പം ചേർത്താണ് ഹംസയുടെ നേതൃത്വത്തിൽ യോഗം വിളിച്ചത്. ഹൈദരലി തങ്ങൾ ഫൗണ്ടേഷൻ രൂപീകരണവും അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്യാൻ ക്ഷണിച്ചതാവട്ടെ യൂത്ത് ലീഗ് ദേശീയ ഉപാദ്ധ്യക്ഷൻ കൂടിയായ പാണക്കാട് മുഈൻ അലി തങ്ങളെയും. ലീഗ് സംസ്ഥാന നേതൃത്വം പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങാതെയാണ് മുഈൻ അലി യോഗത്തിനെത്തിയതെന്നറിയുന്നു.

മുഈൻഅലി തങ്ങൾ ചെയർമാനും കെ.എസ്.ഹംസ ജനറൽ കൺവീനറുമായി ഫൗണ്ടേഷൻ ഭാരവാഹികളെയും യോഗം നിശ്ചയിച്ചു.
ഹരിത വിഷയത്തിൽ പാർട്ടിയിൽ നിന്നു പുറത്താക്കപ്പെട്ട എം.എസ്.എഫ് സംസ്ഥാന നേതാക്കൾക്ക് പുറമെ നിലവിലെ ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം അബ്ദുൾ ഖാദറും 13ഓളം ജില്ലാ ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു. ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ജില്ലകൾ തോറും യോഗം വിളിക്കാനും നീക്കമുണ്ട്. നേരത്തെ, ചന്ദ്രിക വിഷയത്തിൽ ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിൽ പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ മുഈൻ അലി രൂക്ഷവിമർശനം ഉന്നയിച്ചത് വിവാദമായിരുന്നു.