
യു.എ.ഇയുടെ കാർത്തിക്ക് മെയ്യപ്പന് ഹാട്രിക്ക്
ഗീലോംഗ്: ട്വന്റി-20 ലോകകപ്പ് പ്രാഥമിക റൗണ്ട് ഗ്രൂപ്പ് എയിലെ മത്സരത്തിൽ യു.എ.ഇയെ 79 റൺസിന് കീഴടക്കി ഏഷ്യൻ ചാമ്പ്യൻമാരായ ശ്രീലങ്ക സൂപ്പർ 12ലേക്കുള്ള പ്രതീക്ഷകൾ നിലനിറുത്തി. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 152 റൺസെടുത്തു. മറുപടിക്കിറങ്ങിയ യു.എ.ഇ 17.1 ഓവറിൽ 73 റൺസിന് ഓൾഔട്ടാവുകയായിരുന്നു. 3 വിക്കറ്റ് വീതം വീഴ്ത്തിയ വാനിൻഡു ഹസരങ്കയും ദുഷ്മന്ത ചമീരയും കൂടിയാണ് യു.എ.ഇ ഇന്നിംഗ്സിന്റെ തകർച്ചയ്ക്ക് നേതൃത്വം നൽകിയത്. മഹീഷ് തീക്ഷണ രണ്ട് വിക്കറ്റ് വീഴ്ത്തി. 19 റൺസെടുത്ത അയാൻ അഫ്സൽ ഖാനാണ് യു.എ.എയുടെ ടോപ് സ്കോറർ. ജുനൈദ് സിദ്ധിഖ് (18), ചാരാഗ് സൂരി (14) എന്നിവരാണ് രണ്ടക്കം കണ്ട മറ്റ് ബാറ്രർമാർ. മലയാളി ക്യാപ്ടൻ റിസ്വാൻ (1) നിരാശപ്പെടുത്തി.
നേരത്തേ കളിയിലെ താരമായ പതും നിസ്സാങ്കയുടെ (60 പന്തിൽ 74) അർദ്ധ സെഞ്ച്വറിയാണ് ലങ്കൻ ഇന്നിംഗ്സിന്റെ നട്ടെല്ലായത്. ധനഞ്ജയ ഡി സിൽവ 33 റൺസടുത്തു. മത്സരത്തിൽ യു.എ.ഇ തോറ്റെങ്കിലും അവരുടെ ലെഗ് സ്പിന്നർ കാർത്തികേയ മെയ്യപ്പൻ ഹാട്രിക്ക് പ്രകടനവുമായി കൈയടി നേടി. പതിനഞ്ചാം ഓവറിലെ അവസാന മൂന്ന് പന്തുകളിലായിരുന്നു മെയ്യപ്പന്റെ ഹാട്രിക്ക്. 117/2 എന്ന നിലയിലായിരുന്നു അപ്പോൾ ലങ്ക. നാലാം പന്തിൽ രജപക്സയെ (5) കാഷിഫിന്റെ കൈയിൽ എത്തിച്ച മെയ്യപ്പൻ അടുത്ത പന്തിൽ അടുത്ത പന്തിൽ അസലങ്കയെ (0) കീപ്പർ അരവിന്ദിന്റെ കൈയിൽ ഒതുക്കി. അവസാന പന്തിൽ ലങ്കൻ ക്യാപ്ടൻ ഡസുൻ ഷനാകയുടെ കുറ്റിതെറിപ്പിച്ച് മെയ്യപ്പൻ ഹാട്രിക്ക് പൂർത്തിയാക്കുകയായിരുന്നു.4 ഓവറിൽ 19 റൺസ് നൽകിയാണ് മെയ്യപ്പൻ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്.
നമീബിയക്കെതിരായ ആദ്യ മത്സരത്തിൽ തോറ്ര ലങ്കയ്ക്ക് ഈ ജയം ആശ്വാസമായി.യു.എ.ഇ കളിച്ച രണ്ട് മത്സരത്തിലും തോറ്റു.
മനംകവർന്ന് മെയ്യപ്പൻ
ശ്രീലങ്കയ്ക്കെതിരെ യു.എ. ഇ തോറ്റെങ്കിലും തകർപ്പൻ ഹാട്രിക്കുമായി താരമായി മാറിയിരിക്കുകയാണ് കാർത്തിക് മെയ്യപ്പനെന്ന അവരുടെ ലെഗ് സ്പിന്നർ.2000 ഒക്ടോബർ 8ന് ചെന്നൈയിൽ ജനിച്ച മെയ്യപ്പൻ പിതാവിന് യു.എ.ഇയിൽ ജോലി ലഭിച്ചതിനെത്തുടർന്ന് 2007ലാണ് അങ്ങോട്ടേക്ക് പോകുന്നത്.
ഇത്തവണത്തെ ട്വന്റി-20 ലോകകപ്പിലെ ആദ്യ ഹാട്രിക്കാണിത്.
ഭനുക രാജപക്സെ,ചരിത് അസലങ്ക, ഡസുൻ ഷനാക എന്നിവരാണ് മെയ്യപ്പന്റെ ഹാട്രിക്കിലെ ഇരകൾ.
ട്വന്റി-20 ലോകകപ്പിൽ ഹാട്രിക്ക് നേടുന്ന അഞ്ചാമത്തെ ബൗളറാണ് മെയ്യപ്പൻ.
ക്രിക്കറ്റ് ലോകകപ്പിൽ ടെസ്റ്റ് യോഗ്യതയുള്ള ടീമിനെതിരേ ഹാട്രിക്ക് നേടുന്ന അസോസിയേറ്റ് ടീമിൽ നിന്നുള്ള ആദ്യ ബൗളറാണ് മെയ്യപ്പൻ.