
വടക്കാഞ്ചേരി: ബന്ധുവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. വടക്കാഞ്ചേരി കുമരനെല്ലൂർ ഒന്നാം കല്ല് സ്വദേശി ചാത്തത്തേതിൽ വീട്ടിൽ മാലിക്ക് അഹമ്മദിനെ( 24) യാണ് വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കുമാരനെല്ലൂർ സ്വദേശിയായ ബന്ധു ഇബ്രാഹിം (62) നെ മദ്യലഹരിയിൽ മർദ്ദിച്ച് അവശനാക്കിയിരുന്നു.
ഞായറാഴ്ച നടന്ന ആക്രമണത്തെ തുടർന്ന് വടക്കാഞ്ചരി പൊലീസ് മാലിക്കിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. മർദ്ദനത്തിൽ ആന്തരിക അവയവങ്ങൾക്കടക്കം ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിം തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേ മരണപ്പെടുകയായിരുന്നു. തുടർന്ന് കൊലപാതകുറ്റം ചുമത്തി പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യ്തു. തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.