
പാരീസ്: പരിക്കും വിവാദങ്ങളും പലപ്പോഴും കരിനിഴൽ വീഴ്ത്തിയ കരിം ബെൻസെമയുടെ കരിയർ ഇപ്പോൾ ഗ്രഹണത്തിന് ശേഷമെന്ന പോലെ മിന്നിത്തിളങ്ങുകയാണ്. അതിനുള്ള തിലകം ചാർത്തി ഫുട്ബാൾ ലോകത്തെ ഗ്ലാമർ അവാർഡായ ബാലോൺ ഡി ഓർ പുരസ്കാരവും റയൽ മാഡ്രിഡിന്റെ വിശ്വസ്തനായ ഫ്രഞ്ച് സ്ട്രൈക്കറെ തേടിയെത്തിയിരിക്കുന്നു. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനെ ചാമ്പ്യൻസ് ലീഗ്, ലാ ലീഗ ചാമ്പ്യൻമാരാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച താരമായ ബെൻസെമയ്ക്ക് ഫ്രഞ്ച് ഫുട്ബാൾ മാഗസിൻ നൽകുന്ന ബാലോൺ ഡി ഓർ പുരസ്കാരം അർഹതയ്ക്കുള്ള അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്. ബാലോൺ ഡി ഓർ നേടുന്ന അഞ്ചാമത്തെ ഫ്രഞ്ച് താരവും 1998ൽ സിനദിൻ സിദാൻ നേടിയ ശേഷം ഈ പുരസ്കാരം നേടുന്ന ആദ്യ ഫ്രഞ്ച് താരവുമാണ് ബെൻസെമ. സിദാനാണ് ബെൻസെമയ്ക്ക് പുരസ്കാരം സമ്മാനിച്ചത്. കഴിഞ്ഞ സീസണിൽ റയലിനായി 46 മത്സരങ്ങളിൽ നിന്ന് 44 ഗോളും 15 അസിസ്റ്റുമാണ് ബെൻസെമ സ്വന്തം പേരിൽ എഴുതിച്ചേർത്തത്. 2009 മുതൽ റയലിന്റെ താരമാണ് ബെൻ. ഇത്തവണത്തെ യുവേഫ പുരസ്കാരവും 34കാരനായ ബെൻസെമയ്ക്കായിരുന്നു. മികച്ച വനിതാ താരത്തിനുള്ള ബാലോൺ ഡി ഓർ ഫെമിനിൻ പുരസ്കാരം തുടർച്ചയായ രണ്ടാം തവണയും ബാഴ്സലോണയുടെ സ്പാനിഷ് താരം അലക്സിയ പുട്ടെല്ലാസ് സ്വന്തമാക്കി.
മറ്റ് പുരസ്കാരങ്ങൾ
മികച്ച ഗോൾ കീപ്പർ :തിബൗട്ട് കോട്ട്വാ (റയൽ മാഡ്രിഡ്, ബൽജിയം),
യുവതാരം - ഗാവി (ബാഴ്സലോണ, സ്പെയിൻ)
മികച്ച സ്ട്രൈക്കർ - റോബർട്ട് ലെവൻഡോവ്സ്കി (ബാഴ്സലോണ, പോളണ്ട് പര്സകാരത്തിന് പരിഗണിച്ചത് ബയേണിലെ പ്രകടനത്തിന്)
സോക്രട്ടീസ് അവാർഡ് - സാദിയോ മാനെ (ബയേൺ മ്യൂണിക്ക്, സെനഗൽ)
ക്ലബ്- മാഞ്ചസ്റ്രർ സിറ്രി