joe

വാഷിംങ്ടൺ: പാകിസ്ഥാൻ അപകടകരമായ രാജ്യങ്ങളിലൊന്നാണെന്ന യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവനയെത്തുടർന്ന് യു.എസ് അംബാസിഡറെ വിളിച്ചു വരുത്താനുള്ള പാകിസ്ഥാൻ തീരുമാനത്തിൽ ആശങ്ക പ്രകടിപ്പിച്ച് അമേരിക്കന സ്റ്രേറ്റ് ഡിപ്പാർട്ട്മെന്റ്. പാകിസ്ഥാന്റെ പ്രതിബദ്ധതയിലും ആണവായുധങ്ങൾ സംരക്ഷിക്കാനുള്ള കഴിവിലും അമേരിക്കക്ക് വിശ്വാസമുണ്ടെന്ന് സ്റ്രേറ്ര് ഡിപ്പാർട്ട്മെന്റ് വക്താവ് വേദാന്ത് പട്ടേൽ പറഞ്ഞു. സുരക്ഷിതവും സമൃദ്ധവുമായ പാകിസ്ഥാനെ തങ്ങളുടെ താത്പര്യങ്ങൾക്കു നിർണായകമായാണ് യു.എസ് എല്ലായ്പ്പോഴും കണക്കാക്കുന്നത്. പാകിസ്ഥാനുമായുള്ള തങ്ങളുടെ ദീർഘകാല സഹകരണത്തെ കൂടുതൽ വിശാലമായി യു.എസ് വിലമതിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. കാലിഫോർണിയയിൽ നടന്ന സ്വകാര്യ ഡെമോക്രാറ്റിക് പാർട്ടിയിൽ വച്ചാണ് പാകിസ്ഥാൻ അപകടകരമായ രാജ്യമെന്ന പരാമർശം ജോ ബൈഡൻ നടത്തിയത്. ബൈഡന്റെ പരാമർശം തെറ്റിദ്ധാരണാജനകമാണെന്നും തങ്ങൾ ഉത്തരവാദിത്തപ്പെട്ട ആണവ രാജ്യമാണെന്നും പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പ്രതികരിച്ചിരുന്നു. ഇതേത്തുടർന്നാണ് യു.എസ് അംബാസിഡറെ വിളിച്ചുവരുത്താൻ തീരുമാനിച്ചത്.