maternity

ന്യൂയോർക്ക്: ഗർഭിണിയാണെന്ന് അറിഞ്ഞ് 48 മണിക്കൂറിനിടെ പ്രസവം നടന്നതിന്റെ അമ്പരപ്പിലാണ് ന്യൂയോർക്ക് സ്വദേശിയായ 23കാരി. മാസങ്ങളായി തന്നെ അലട്ടുന്ന തലകറക്കവും പാദങ്ങളിലെ നീരും കാണിക്കാനാണ് പെയ്ത്തൺ സ്റ്റോവർ എന്ന യുവതി ആശുപത്രിയിലെത്തിയത്. പരിശോധനയ്ക്കു ശേഷം അസുഖകാരണം കേട്ട യുവതി അമ്പരന്നു. യുവതി ഗർഭിണിയാണ്. രണ്ടു തവണ പരിശോധന നടത്തി ഉറപ്പു വരുത്തിയാണ് ഡോക്ടർ യുവതിയോട് കാര്യം പറഞ്ഞത്. ഒടുവിൽ അൾട്രാ സൗണ്ട് സ്കാനിംഗ് നടത്തി സ്ക്രീൻ കാണിച്ചപ്പോഴാണ് പെയ്ത്തണ് വിശ്വാസമായത്. ഗർഭിണികളിൽ രക്തസമ്മർദ്ദം കൂടുന്ന അസുഖമാണ് യുവതിക്കെന്നും വൃക്കകളും കരളും അപകടത്തിലാണെന്നും കണ്ടെത്തിയതോടെ വേഗം പ്രസവം നടത്താൻ ഡോകടർമാർ തീരുമാനിക്കുകയായിരുന്നു. കുഞ്ഞും അമ്മയും അപകടാവസ്ഥയിലാകുന്നതിനു മുമ്പ് പ്രസവം നടന്നു. പ്രസവം നടക്കാൻ പത്ത് ആഴ്ച കൂടി ബാക്കി നിൽക്കെ 1.8 കിലോഗ്രാമോടെ ഒരു ആൺകുട്ടി പിറന്നു. കുഞ്ഞ് വേണമെന്ന് താനും ബോയ്ഫ്രണ്ടും ആഗ്രഹിച്ചിരുന്നെന്നും ഇത് അപ്രതീക്ഷിതമായ സമ്മാനമാണെന്നും പെയ്ത്തൺ പ്രതികരിച്ചു.