qatar-wc

ദോഹ:ലോകകപ്പ് മത്സരങ്ങൾക്കായി ഖത്തറിലെത്തുന്നവരെ സ്വീകരിക്കാനായി വിവിധ നടപടികളുമായി ആഭ്യന്തര മന്ത്രാലയം. നവംബർ ഒന്നു മുതൽ ലോകകപ്പ് അവസാനിച്ച ശേഷം ഡിസംബർ 23 വരെ ഫുട്ബോൾ ആരാധകരെ സ്വീകരിക്കാനുളള അന്തിമ ഘട്ട ഒരുക്കങ്ങളിലാണ് ഖത്തർ. ആഭ്യന്തര മന്ത്രാലയം, സുരക്ഷാ ഏജൻസികൾ, ടൂർണമെന്റ് സംഘാടകർ എന്നീ വിഭാഗങ്ങളുമായി സഹകരിച്ചാണ് ഇതിനായുള്ള നടപടിക്രമങ്ങൾ നടത്തി വരുന്നത്.

ലോകകപ്പ് ആരാധകരും പൗരൻമാരുമടക്കം എളുപ്പത്തിൽ പ്രവേശനം സാദ്ധ്യമാക്കുന്നതിനായി ചെക്ക് പോയിന്റിലെ പാസ്പോർട്ട് കൗണ്ടറുകളുടെ എണ്ണത്തിൽ ഗണ്യമായ വർധന വരുത്തിയിട്ടുണ്ട്. ഇവിടെ ഒരേ സമയം 4,000 പേരെ ഉൾക്കൊള്ലാവുന്ന കൂടാരങ്ങൾ സജ്ജീകരിച്ചിട്ടുണ്ട് എന്ന് അധികൃതർ വ്യക്തമാക്കി. അതിർത്തിയിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയുള്ള അല്‍ ഖലായിലിലെ 'ഫാമിലി ആന്റ് ഫ്രണ്ട്സ് മീറ്റ് ആന്റ് ഗ്രീറ്റ് ഏരിയയിലേയ്ക്ക്' ഇവിടെ നിന്നും സൗജന്യ ഗതാഗത സൗകര്യം ഒരുക്കിയിട്ടുണ്ട്. ബന്ധുക്കളോ സുഹൃത്തുക്കളോ എത്തി കൂട്ടിക്കൊണ്ട് പോകുന്നത് വരെ ഇവിടെ തുടരാവുന്നതാണ്. ഇവിടെ നിന്നും ടാക്സി സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

കര അതിർത്തി വഴി ലോകകപ്പിനായി ഖത്തറിൽ പ്രവേശിക്കുന്നവരെ പ്രവേശന നടപടികളുടെ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങളായി വേർതിരിച്ചിട്ടുണ്ട്. കൂടാതെ ഇവർ 'ഹയ്യാ' പ്ളാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത പാസ്പോർട്ടും പ്രവേശന സമയത്ത് ഉപയോഗിക്കണം. ഖത്തറി ഐഡി കാര്‍ഡ് കൈവശമുള്ള പൗരന്മാര്‍, താമസക്കാര്‍, ജിസിസി പൗരന്മാര്‍ (ഖത്തരി നമ്പര്‍ പ്ലേറ്റുള്ള കാറുകള്‍) എന്നിവരാണ് ആദ്യത്തെ വിഭാഗത്തിൽ ഉൾപ്പെടുന്നത്. ഇവരുടെ പ്രവേശനം സാധാരണ രീതിയായിരിക്കും. ഇവർ സഞ്ചരിക്കുന്ന വാഹനത്തിന് ഖത്തര്‍ നമ്പര്‍ പ്ലേറ്റ് ഉണ്ടായിരിക്കണം.

പ്രത്യേക എൻട്രി പെർമിറ്റുള്ളവരാണ് രണ്ടാമത്തെ വിഭാഗം. ഇവർക്ക് സ്വന്തം വാഹനത്തിൽ ഖത്തറിൽ പ്രവേശിക്കാം.എന്നാൽ ഇതിനായി ഹയ്യാ പ്ളാറ്റ്‌ഫോമിലൂടെ പ്രത്യേക വാഹന പെർമിറ്റ് മുൻകൂറായി നേടണം. വാഹന പെർമിറ്റിനായി ഡ്രൈവർക്ക് കുറഞ്ഞത് അഞ്ച് ദിവസത്തെ താമസ സൗകര്യം ഖത്തറിൽ ഉണ്ടായിരിക്കണം. 5,000 റിയാലാണ് വാഹന പെർമിറ്റിനായുള്ള ഫീസ്. ഒരു ദിവസം നടക്കുന്ന മത്സരത്തിന് മാത്രമായി ഖത്തറിൽ എത്തുന്ന ആരാധകരാണ് മൂന്നാമത്തെ വിഭാഗം. ഒരു ദിവസത്തിനുള്ളിൽ ഒന്നോ അതിലധികമോ മത്സരം കാണാനെത്തുന്നവർക്ക് ഖത്തറിൽ മുൻകൂർ ഹോട്ടൽ റിസർവേഷൻ ഇല്ലാതെ തന്നെ പ്രവേശിക്കാൻ കഴിയും. ഇവർക്ക് പ്രവേശനസമയം മുതൽ 24 മണിക്കൂർ വരെ പാർക്കിംഗും സൗജന്യമാണ്. എന്നാൽ ഈ വിഭാഗത്തിലുള്ളവർക്കും ഹയ്യാ കാർഡും പാർക്കിംഗ് സ്ഥലത്തിന്റെ മുൻകൂർ ബുക്കിംഗും നിർബന്ധമാണ്.

ബസുകൾ വഴി ഖത്തറിലേയ്ക്ക് പ്രവേശിക്കുന്നവരാണ് നാലാമത്തെ വിഭാഗം. ഇവർ ഹയ്യാ കാർഡ് നിർബന്ധമായും കൈയ്യിൽ കരുതണം. അതിർത്തിയിലെ പ്രവേശന നടപടികൾക്ക് ശേഷം ഇവർക്ക് ദോഹ റെയിൽവേ സ്റ്റേഷനിലോ 'ഫാമിലി ആന്‍ഡ് ഫ്രണ്ട്സ് മീറ്റ് ആന്‍ഡ് ഗ്രീറ്റ് ഏരിയയിലേക്കോ' പോകാം. ലോകകപ്പിനായി എത്തുന്നവർക്ക് ഗതാഗത സംവിധാനം സുഗമമാക്കാൻ വാണി‌ജ്യ ട്രക്കുകൾക്ക് നവംബർ 15 മുതൽ ഡിസംബർ 22 വരെ രാത്രി 11 മുതൽ രാവിലെ ആറ് വരെ അതിർത്തി വഴിയുള്ല പ്രവേശനത്തിന് ആഭ്യന്തര മന്ത്രാലയം നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.