
മുംബയ്: ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ പ്രതിയായ ലഹരികേസിന്റെ അന്വേഷണത്തിൽ ഏഴോ എട്ടോ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുമുണ്ടായത് സംശയാസ്‌പദമായ പെരുമാറ്റമാണെന്ന് കണ്ടെത്തി നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ(എൻസിബി) ആഭ്യന്തര റിപ്പോർട്ട്.
ഉദ്യോഗസ്ഥരിൽ നിന്നും സംശയാസ്‌പദമായ നിരവധി പെരുമാറ്റമുണ്ടായതായാണ് റിപ്പോർട്ടിലുളളത്. കഴിഞ്ഞ വർഷം ആര്യനെതിരെ കേസെടുത്ത് അറസ്‌റ്റ് ചെയ്‌തെങ്കിലും മേയ് മാസത്തോടെ തെളിവില്ലെന്ന് കണ്ട് എട്ട് മാസത്തിന് ശേഷം ആര്യൻ ഖാനെ വിട്ടയച്ചിരുന്നു. മതിയായ തെളിവില്ലെന്ന് അന്ന് എൻസിബി സമ്മതിച്ചിരുന്നു. ആര്യനടക്കം അഞ്ച് പ്രതികൾക്കെതിരെയാണ് തെളിവില്ലാതിരുന്നത്.
കേസിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ അന്വേഷണത്തിലെ പ്രശ്‌നങ്ങൾ കണ്ടെത്താൻ ഒരു പ്രത്യേക അന്വേഷണ സംഘത്തെ തന്നെ രൂപീകരിച്ചിരുന്നു. സംഘം ഡൽഹിയിലെ ആസ്ഥാനത്തേക്ക് റിപ്പോർട്ടും നൽകി. കേസന്വേഷണത്തിന് നേതൃത്വം നൽകിയ സമീർ വാംഖഡെയടക്കം ഉദ്യോഗസ്ഥരുടെ അന്വേഷണത്തിലെ പങ്കാളിത്തം സംബന്ധിച്ച് ചോദ്യങ്ങളുയർന്നിട്ടുണ്ട്.
65 പേരുടെ മൊഴി പ്രത്യേക അന്വേഷണസംഘം ശേഖരിച്ചു. ചിലർ മൂന്നോ നാലോ തവണ അവരുടെ മൊഴി മാറ്റിപ്പറഞ്ഞു.ചിലരെ പ്രത്യേകമായി കേന്ദ്രീകരിച്ച് അന്വേഷണം നടന്നതായി സൂചനയുണ്ട്. മൂന്നാഴ്‌ചയോളമാണ് ലഹരി ഉപഭോക്താവെന്ന പേരിൽ ആര്യൻ ഖാനെ ജയിലിലടച്ചതെന്നാണ് പ്രത്യേക സംഘം കണ്ടെത്തിയത്. കേസന്വേഷണം ആരംഭിച്ച് ഒരുമാസത്തിന് ശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥനടക്കം അഞ്ചുപേരെ മുംബയിൽ നിന്നും ഡൽഹിയിലേക്ക് സ്ഥലംമാറ്റിയത്.