whale

ഭൂമിയ്ക്ക് പുറത്ത് പ്രകാശവർഷങ്ങൾ അകലെയുള്ള ഗ്രഹങ്ങളെക്കുറിച്ചും തമോഗർത്തങ്ങളെക്കുറിച്ചും അടക്കം ഇന്ന് നമുക്ക് ബഹിരാകാശ പര്യവേഷണത്തിലൂടെ അറിയാൻ സാധിക്കും. എന്നാൽ നമ്മുടെ ഭൂമിയിലുള്ള സമുദ്രങ്ങളെക്കുറിച്ച് അത്ര ഗഹനമായ വിവരങ്ങൾ ലഭ്യമാണോ എന്ന കാര്യം സംശയമാണ്. സമുദ്രാന്തർ ഭാഗത്ത് ഏതൊക്കെ തരം ജീവികൾ ഉണ്ട് എന്നതിനെക്കുറിച്ച് ശാസ്ത്രത്തിന് തന്നെ ഇത് വരെ പൂർണമായ ധാരണയില്ല. അത്രയ്ക്ക് നിഗൂഢമാണ് സമുദ്രങ്ങൾ. ഏറെ വിചിത്രമായ പല ജീവികളും ലോകമെമ്പാടുമുള്ള കടൽതീരങ്ങളിൽ അടിഞ്ഞതിന്റെ വാർത്തകൾ സോഷ്യൽ മീ‌ഡിയ വഴി ലഭ്യമാണ്. അത്തരത്തിൽ കടൽ തീരത്തടിഞ്ഞ എന്താണെന്ന് യാതൊരു ഉറപ്പുമില്ലാത്ത വിചിത്രമായ ഒരു വസ്തുവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംശയവും അതോടൊപ്പം കൗതുകവും നിറയ്ക്കുന്നത്.

ഓസ്ട്രേലിയയിലെ വടക്കൻ ക്വീൻസ് ലാന്റിലെ ഒരു ബീച്ചാണ് നിഗൂഢ വസ്തുവിനെക്കുറിച്ചുള്ള വാർത്തകളുടെ ഉത്ഭവ സ്ഥാനം. ബീച്ച് വഴി സവാരി നടത്തുകയായിരുന്ന യുവതിയാണ് കടൽ തീരത്ത് എന്തോ അടിഞ്ഞ് കിടക്കുന്നതായി ആദ്യം കണ്ടത്. ഏതോ കടൽജീവിയിൽ നിന്നും അറ്റ് പോയ ഭാഗമാണെന്ന് കരുതി യുവതി അതിന്റെ ദൃശ്യങ്ങൾ ടിക് ടോക് വഴി പങ്കുവെച്ചു. ആർക്കെങ്കിലും നിഗൂഢ വസ്തുവിനെ തിരച്ചറിയാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു യുവതി ദൃശ്യങ്ങൾ സോഷ്യൽ മീഡിയ പങ്കു വെച്ചത്. കടൽ തീരത്തടിഞ്ഞ വസ്തുവിന്റെ വലിപ്പം കാണിക്കാനായി അതിനോടായി യുവതി തന്റെ കാല് ചേർത്തു വയ്ക്കുന്നത് വീഡിയോയിൽ കാണാം. അപ്പോഴേയ്ക്കും ചിലർ അത് തിമിംഗലത്തിന്റെ ജനനേന്ദ്രിയമാണെന്ന സംശയവുമായി രംഗത്തെത്തി. പ്രദേശത്തെ കടലിൽ ഇപ്പോൾ കൂനൻ തിമിംഗലങ്ങൾ പ്രജനനം നടത്തുന്ന സമയമാണെന്നായിരുന്നു ഈ ആരോപണവുമായി എത്തിയവരുടെ വിശദീകരണം.

വീഡിയോ കണ്ട വന്യ ജീവി ഗവേഷകയായ ഡോ. വനേസ പിറോട്ട ശാസ്ത്രജ്ഞർ ആ വസ്തു നേരിൽ കാണാതെ എന്താണെന്ന് സ്ഥിരീക്കാൻ പ്രയാസമാണെന്നാണ് പ്രതികരിച്ചത്. അവിടെ ധാരാളം കൂനൻ തിമിംഗലങ്ങൾ ഉണ്ടെങ്കിലും അവയ്ക്ക് പല്ലുകൾക്ക് പകരം ബലീൻ എന്ന നീണ്ട ഇഴകളാണ് ഉള്ളതെന്നും അതായിരിക്കാം ചിലപ്പോൾ കടൽ തീരത്തടിഞ്ഞതെന്നുമുള്ല സംശയവും വനേസ പങ്കുവെച്ചു. എന്തായാലും യുവതി പങ്കു വെച്ച വീഡിയോയിലെ വസ്തു ഇപ്പോഴും ചുരുളഴിയാത്ത രഹസ്യമായി തന്നെ തുടരുകയാണ് .

whale