russia

കീവ്: കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ റഷ്യ യുക്രെയിനിലെ മൂന്നിലൊന്ന് പവർ സ്റ്റേഷനുകളിൽ നശിപ്പിച്ചതായി പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പറഞ്ഞു. തലസ്ഥാനമായ കീവിലെ പവർ സ്റ്റേഷനുകളിൽ നടന്ന മിസൈൽ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ആക്രമണത്തെത്തുടർന്ന് കിഴക്ക് ഖാർകീവ്,തെക്ക് ഡിനിപ്രോ,ക്രൈവി റിഹ്,പടിഞ്ഞാറ് സൈറ്റോമിർ എന്നിവിടങ്ങളിൽ വൈദ്യുതി വിതരണവും ജല വിതരണവും തടസപ്പെട്ടു. ഇത് നഗരത്തിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ആക്രമണത്തിൽ തെക്കൻ മൈക്കോളൈവിൽ പാർപ്പിട സമുച്ചയം തകർന്ന് ഒരാൾ കൊല്ലപ്പെട്ടു. റഷ്യയുടെ പാലത്തിൽ സ്‌ഫോടനം നടത്തിയതിനുള്ള പ്രതികാര നടപടിയാണിതെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിൻ പറഞ്ഞിരുന്നു. കഴിഞ്ഞ ആഴ്ച മുതൽ മിസൈൽ,ഡ്രോൺ ആക്രമണങ്ങളിലൂടെ യുക്രയിനിന്റെ ഊർജ്ജ അടിസ്ഥാനസൗകര്യങ്ങൾ ലക്ഷ്യമിടുന്നതായി റഷ്യ തുറന്നു സമ്മതിച്ചിരുന്നു. ഇതിനിടെ സൈനിക കേന്ദ്രങ്ങളെ മനഃപൂർവം ആക്രമിക്കുന്നത് യുദ്ധക്കുറ്റമാണെന്ന് പല രാജ്യങ്ങളും അഭിപ്രായപ്പെട്ടു. ശീതകാലത്ത് യുക്രെയിൻ ജനതയ്ക്ക് പ്രതിരോധ മാർഗങ്ങൾ ഇല്ലാതാക്കാനായി ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ പുട്ടിന്റെ പുതിയ തന്ത്രമാണ്. രാജ്യത്ത് സ്ഥിതി അതീവഗുരുതരമാണെന്നും എത്രയും പെട്ടെന്ന് പ്രശ്നങ്ങളെ നേരിടേണ്ടതുണ്ടെന്നും യുക്രെയിൻ പ്രസിഡന്റിന്റെ ഒഫീസ് ഡെപ്യൂട്ടി തലവൻ കൈറിലോ ടിമോഷെങ്കോ യുക്രെയിൻ മാദ്ധ്യമത്തോട് പറഞ്ഞു.

മൈക്കോളൈവിൽ, ഇന്നലെ പുലർച്ചെ മൂന്ന് സ്ഫോടനങ്ങൾ നടന്നു. മിസൈൽ ആക്രമണത്തിൽ ഒരു കെട്ടിടത്തിന്റെ ഒരു ഭാഗം പൂർണമായും തകരുകയും വലിയ ഒരു ഗർത്തം ഉണ്ടാകുകയും ചെയ്തു. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് അഗ്നിശമന സേനാംഗങ്ങൾക്ക് ഒരാളുടെ മൃതദേഹമാണ് പുറത്തെടുക്കാനായത്. പൗരന്മാരെ ഭയപ്പെടുത്താനും കൊല്ലാനുമുള്ള ശ്രമം റഷ്യ തുടരുകയാണെന്ന് സെലൻസ്കി പ്രതികരിച്ചു. യുക്രെയിനിലെ 30 ശതമാനം പവർ സ്റ്റേഷനുകളും നശിപ്പിക്കപ്പെട്ടെന്നും ഇത് രാജ്യത്തുടനീളം വൻതോതിലുള്ള ബ്ലാക്ക് ഔട്ടുകൾക്ക് കാരണമായതായും പറഞ്ഞ സെലൻസ്കി പുട്ടിനുമായി ചർച്ച നടത്തില്ലെന്ന് ആവർത്തിക്കുകയും ചെയ്തു. നാല് യുക്രെയിൻ പ്രവിശ്യകൾ പിടിച്ചടക്കുമെന്ന് പുട്ടിൻ പ്രഖ്യാപിച്ചതിന് ശേഷം പുട്ടിനുമായുള്ള ചർച്ചകൾ സെലൻസ്‌കി തള്ളിക്കളഞ്ഞിരുന്നു.

കാമികാസെ ഡ്രോണുകൾ

ഇന്നലെ നടന്ന ഡ്രോൺ ആക്രമണത്തിൽ എത്ര പേർ കൊല്ലപ്പെട്ടെന്ന് കൃത്യമായ വിവരമില്ല. ഇതിന് മുമ്പ് കീവിലും മറ്റ് നഗരങ്ങളിലും ആക്രമണത്തിന് റഷ്യ ഡ്രോണുകൾ അയച്ചിരുന്നു.

ഈ ആക്രമണത്തിൽ കുറഞ്ഞത് അഞ്ച് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

യുക്രെയിനിലുടനീളമുള്ള സൈനിക കേന്ദ്രങ്ങളാണ് ലക്ഷ്യങ്ങളെന്നും കൃത്യമായ ആയുധങ്ങൾ ഉപയോഗിച്ചാണ് ആക്രമണം നടത്തുന്നതെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം നേരത്തെ ആക്രമണത്തിനായി ഇറാൻ നിർമ്മിത ഷഹെദ്-136 കാമികാസെ ഡ്രോണുകൾ റഷ്യ ഉപയോഗിച്ചതായി യുക്രെയിൻ ആരോപിച്ചു.അതേസമയം,​ റഷ്യയ്ക്ക് കൂടുതൽ ഡ്രോണുകളും ഉപരിതല മിസൈലുകളും നൽകുമെന്ന് ടെഹ്‌റാൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത് അമേരിക്കയെയും സഖ്യകക്ഷികളെയും പ്രകോപിപ്പിക്കുമെന്ന് ഉറപ്പാണ്.

ഇറാന്റെ നടപടികൾ നീചവും വഞ്ചനാപരവുമാണെന്നും ഇറാനുമായുള്ള നയതന്ത്രബന്ധം ഔദ്യോഗികമായി വിച്ഛേദിക്കാൻ സെലൻസ്‌കിയോട് ആവശ്യപ്പെടുമെന്നും യുക്രെയിൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ പറഞ്ഞു. ഡ്രോണാക്രമണത്തിൽ നിന്ന് പ്രതിരോധിക്കാൻ വരും ദിവസങ്ങളിൽ യുക്രെയിന് നാറ്റോ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നൽകുമെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് പറഞ്ഞു.