dileep

മലയിൻകീഴ്: ഭാര്യയെ മർദ്ദിച്ച കേസിൽ മലയിൻകീഴ് കടുക്കറ ഗിരിജാ ഭവനിൽ വാടകയ്‌ക്ക് താമസിക്കുന്ന ദിലീപിനെ (35) മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്‌ത് വധശ്രമത്തിന് കേസെടുത്തു. മദ്യപാന ശീലമുള്ള ദിലീപ് ഭാര്യ ആതിരയെ മർദ്ദിക്കുകയും അതിന്റെ വീഡിയോ പകർത്തി ആസ്വദിക്കുകയും പതിവായിരുന്നു.

അഞ്ച് വർഷം മുമ്പായിരുന്നു ആതിരയുടെയും ദിലീപിന്റെയും പ്രണയവിവാഹം. ഇലക്ട്രീഷ്യനായ ദിലീപ് വിവിധ ഇടങ്ങളിൽ ഭാര്യയ്‌ക്കൊപ്പം വാടകയ്‌ക്ക് താമസിച്ചിരുന്നു. ആതിരയെ ഉപദ്രവിക്കുന്നതിന്റെ പേരിൽ പല വീട്ടുടമകളും ഇവരെ ഒഴിപ്പിച്ചു.

റിഹാബിലിറ്റേഷൻ സെന്ററിൽ മദ്യപാനം നിറുത്താനുള്ള ചികിത്സ തേടിയിരുന്ന ഇയാൾ ചികിത്സയ്ക്ക് ശേഷവും മദ്യപാനം തുടങ്ങിയതായി പൊലീസ് പറഞ്ഞു. കുളക്കോട് വളവിലുള്ള സ്വകാര്യ മാർജിൻ ഫ്രീ ഷോപ്പിൽ ആതിര ജോലിക്ക് പോകുന്നത് നിറുത്തണമെന്ന് പലവട്ടം ദിലീപ് ആവശ്യപ്പെട്ടെങ്കിലും വീണ്ടും ജോലിക്ക് പോയതാണ് ആക്രമണത്തിന് കാരണം.

ആതിരയെ മർദ്ദിക്കുന്നത് ദിലീപ് മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്തത് പൊലീസ് കണ്ടെത്തി. മർദ്ദനത്തിനൊടുവിൽ,​ ജോലിക്ക് ഇനി പോകില്ലെന്ന് യുവതി പറയുന്ന ദൃശ്യങ്ങളും ഫോണിലുണ്ട്. മർദ്ദനം പതിവായിരുന്നെങ്കിലും യുവതി പൊലീസിൽ പരാതി നൽകിയിരുന്നില്ല. ഇക്കഴിഞ്ഞ പതിനാറാം തീയതി രാത്രി മദ്യപിച്ച് എത്തി അതിക്രൂരമായി മർദ്ദിച്ചു.

യുവതിക്ക് മുഖത്തും തലയ്ക്കും പരിക്കേറ്റു. 17ന് രാവിലെ യുവതി പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് ദിലീപിനെ വീട്ടിൽ നിന്ന് പിടികൂടുകയായിരുന്നു. ഇവർക്ക് മൂന്നും ഒന്നര വയസുമുള്ള രണ്ട് കുട്ടികളുണ്ട്. യുവതി മലയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. പൊലീസ് മൊഴി എടുത്തശേഷം യുവതിയേയും കുട്ടികളേയും പൂജപ്പുര വനിതാ സംരക്ഷണ ഓഫീസിലേക്ക് മാറ്റി.